ബെംഗളൂരു: തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സംശയം ഉന്നയിച്ച ബിജെപിക്ക് ശക്തമായ മറുപടിയുമായി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ. തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും അദ്ദേഹത്തേക്കാൾ മികച്ച രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി. പ്രിയങ്ക് ഖർഗെയുടെ ബിരുദം എന്താണെന്ന് വിവരാവകാശ രേഖകളിൽ പോലും വ്യക്തമല്ലെന്നും ജനങ്ങൾ അദ്ദേഹത്തിന്റെ യോഗ്യത അറിയട്ടെ എന്നും കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമി പരിഹസിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.
താനൊരു ഗ്രാഫിക് ഡിസൈനറാണെന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണെന്നും അതിൽ മറച്ചുവെക്കാൻ ഒന്നുമില്ലെന്നും ഖർഗെ പ്രതികരിച്ചു. തന്നെ 'കോൺവെന്റ് ദളിത്' എന്ന് ആക്ഷേപിക്കുന്ന ബിജെപി നേതാക്കളുടെ മക്കളാണ് കോൺവെന്റ് സ്കൂളുകളിൽ പഠിച്ചതെന്നും, താൻ അദമരു മഠം നടത്തുന്ന വിദ്യാലയത്തിലാണ് പഠിച്ചതെന്നും സംസ്കൃതം വായിക്കാൻ അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രധാനമന്ത്രിയുടെ വരാനിരിക്കുന്ന കർണാടക സന്ദർശനത്തെയും പ്രിയങ്ക് ഖർഗെ നിശിതമായി വിമർശിച്ചു. കന്നഡികരുടെ നികുതിപ്പണം ശേഖരിക്കാൻ വേണ്ടി മാത്രമാണ് മോദി സംസ്ഥാനത്തെത്തുന്നതെന്നും അദ്ദേഹത്തിൽ യാതൊരു പ്രതീക്ഷയുമില്ലെന്നും മന്ത്രി പറഞ്ഞു. ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തനിവാരണ ഫണ്ട് പരസ്യമായി ചോദിച്ചിട്ടും ഒരു രൂപ പോലും നൽകാതിരുന്ന കേന്ദ്രസർക്കാർ മൈസൂരുവിനെ പാരീസാക്കുമെന്നും കൽബുറഗി റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുമെന്നും ബെംഗളൂരുവിനെ ലോകപ്രശസ്തമാക്കുമെന്നും വാഗ്ദാനം ചെയ്തതല്ലാതെ ഒന്നും നടപ്പിലാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.





