ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സാമൂഹിക മാധ്യമമായ 'എക്സി'ൽ പോസ്റ്റിട്ട സംഭവത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കെതിരെ (കെപിസിസി) കടുത്ത വിമർശനവുമായി സുപ്രീംകോടതി. സംഭവത്തിൽ കോടതിയലക്ഷ്യ നടപടി പരിശോധിക്കാൻ അമികസ് ക്യൂറിയെ നിയോഗിച്ച കോടതി, കെപിസിസിയുടെ മുഴുവൻ ഭാരവാഹികൾക്കും നോട്ടീസ് അയച്ചു.
കോടതിയുടെ സംയമനത്തെ ബലഹീനതയായി കാണരുതെന്നും ജുഡീഷ്യറിയുടെ അധികാരത്തെ തകർക്കാനുള്ള നീക്കങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. കോടതിയുടെ അധികാരത്തിന് രാഷ്ട്രീയ പിന്തുണ ആവശ്യമില്ലെന്നും ജുഡീഷ്യറി നിലകൊള്ളുന്നത് ഭരണഘടനയിലും നിയമവാഴ്ചയിലുമാണെന്നും കോടതി ഓർമ്മിപ്പിച്ചു. അഭിപ്രായസ്വാതന്ത്ര്യം ഒരിക്കലും നീതിനിർവ്വഹണത്തെ ഭീഷണിപ്പെടുത്തുന്നതോ നീതിയുടെ ഉറവിടത്തെ കളങ്കപ്പെടുത്തുന്നതോ ആകരുതെന്നും പരമോന്നതമായത് ഭരണഘടനയാണെന്നും കോടതി വ്യക്തമാക്കി.
ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളിലെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, ക്രമസമാധാനപാലനം തന്റെ ചുമതലയല്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രമസമാധാനം ചുമതലയല്ലെങ്കിൽ ചീഫ് ജസ്റ്റിസ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് 'കോൺഗ്രസ് കേരള'യുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്ത കെപിസിസി, ഭാരവാഹികളുടെ അനുമതിയില്ലാതെയാണ് പോസ്റ്റ് വന്നതെന്നും സോഷ്യൽ മീഡിയ ചുമതലക്കാർക്കെതിരെ നടപടിയെടുത്തുവെന്നും വിശദീകരിച്ചു. കോടതിയുടെ നിഷ്പക്ഷതയിൽ കോൺഗ്രസിന് സംശയമില്ലെന്നും പോസ്റ്റ് നേതൃത്വത്തിന്റെ നിലപാടല്ലെന്നും സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു.





