ന്യൂഡൽഹി: ഇന്ത്യയിൽ സ്ഥിരതാമസമാക്കുന്നതിനായി 2009 ഡിസംബർ 31-ന് മുൻപ് രാജ്യത്തെത്തിയ പാകിസ്താൻ പൗരന്മാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് പാസ്‌പോർട്ട്, വിസ നിബന്ധനകളിൽ ഇളവ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പാകിസ്താൻ സർക്കാരിന്റെ ഔദ്യോഗിക തിരിച്ചറിയൽ കാർഡില്ലാത്തതിനാൽ സ്വന്തം പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്തവർക്ക് ആശ്വാസം പകരുന്നതാണ് പുതിയ ഭേദഗതി. പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾ, ടിബറ്റൻ വംശജർ, ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഇന്ത്യാ വിഭജനത്തിനു ശേഷം (1947 ഓഗസ്റ്റ് 15 മുതൽ 1965 ഡിസംബർ 31 വരെ) കുടുംബത്തെ ഇന്ത്യയിൽ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോയ മുൻ ഇന്ത്യൻ പൗരന്മാരായ മുസ്‌ലിംകൾക്കും നിബന്ധനകളോടെ ഇളവുണ്ട്. ഇവർ 2009 ഡിസംബർ 31-നോ അതിനുമുമ്പോ പാകിസ്താൻ പാസ്‌പോർട്ടുമായി തിരിച്ചെത്തി കേരളത്തിൽ താമസം ആരംഭിച്ചവരാണെങ്കിൽ, ആ പാസ്‌പോർട്ട് കാലഹരണപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയാലും ഇളവ് ബാധകമാകും. എന്നാൽ ഇവർ പാകിസ്താനിൽ വെച്ച് വിവാഹം കഴിക്കുകയോ വസ്തുവകകൾ സമ്പാദിക്കുകയോ ചെയ്തിട്ടുണ്ടാകരുത്; കൂടാതെ തിരികെ പാകിസ്താനിലേക്ക് പോകാൻ പാടില്ലെന്നതിനൊപ്പം പോലീസ്, സുരക്ഷാ ഏജൻസികളുടെ പ്രതികൂല റിപ്പോർട്ടുകൾ ഇല്ലാത്തവരുമായിരിക്കണം.
നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്കുള്ള പ്രവേശന, തിരിച്ചറിയൽ ചട്ടങ്ങളിലും മന്ത്രാലയം ലഘൂകരണം വരുത്തിയിട്ടുണ്ട്. വിസ മാനുവലിലെ രേഖകൾ ഉപയോഗിച്ച് ഇവർക്ക് നേരിട്ട് ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യാം. എന്നാൽ ഇതര രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കോ, ചൈന, മക്കാവു, ഹോങ്കോങ്, പാകിസ്താൻ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്കോ സാധുവായ പാസ്‌പോർട്ടും വിസയും നിർബന്ധമാണ്; ഇന്ത്യൻ പൗരന്മാർ നേപ്പാളിലേക്കോ ഭൂട്ടാനിലേക്കോ യാത്ര ചെയ്യുമ്പോഴും നിർദ്ദിഷ്ട രേഖകൾ ഇമിഗ്രേഷൻ പോയിന്റുകളിൽ ഹാജരാക്കണം.
ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ഇന്ത്യൻ മുപ്പട അംഗങ്ങൾക്കും ഒപ്പമുള്ള കുടുംബാംഗങ്ങൾക്കും നിശ്ചിത രേഖകളോടെ എത്തുന്ന വിദേശ സൈനിക കപ്പൽ ജീവനക്കാർക്കും യാത്രാരേഖാ നിബന്ധനകളിൽ നിന്ന് ഒഴിവാക്കലുണ്ട്. കൂടാതെ 2015 ജനുവരി 9-ന് മുൻപ് രജിസ്റ്റർ ചെയ്ത ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾക്കും നിശ്ചിത എൻട്രി പെർമിറ്റുള്ള ടിബറ്റൻ വംശജർക്കും ഈ ആനുകൂല്യം ലഭിക്കും. മലേഷ്യ, സിംഗപ്പൂർ പൗരത്വം നേടി 2009 ഡിസംബർ 31-ന് മുൻപ് തിരിച്ചെത്തുകയും പാസ്‌പോർട്ട് പുതുക്കാൻ കഴിയാതെ വരികയും ചെയ്ത ഇന്ത്യൻ വംശജർക്കും, മതപീഡനം കാരണം 2024 ഡിസംബർ 31-ന് മുൻപ് എത്തിയ പാകിസ്താനിലെ മതന്യൂനപക്ഷങ്ങൾക്കും കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.





