ചെന്നൈ: ഡിഎംകെ സർക്കാരിന്റെ കാലത്ത് നിർമ്മാണം തുടങ്ങിയ കോയമ്പത്തൂർ പെരിയാർ ലൈബ്രറി ആൻഡ് സയൻസ് സെന്ററിലേക്ക് പുസ്തകങ്ങൾ വാങ്ങിയതിൽ വൻ സാമ്പത്തിക ക്രമക്കേടും വ്യാജരേഖ ചമയ്ക്കലും നടന്നതായി പ്രമുഖ തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ജനുവരിയിൽ ഒപ്പിട്ട കരാറിലൂടെ നടന്ന പുസ്തക വിതരണത്തിലെ അഴിമതിയെക്കുറിച്ച് തമിഴ്‌നാട് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി രാജ്‌മോഹൻ അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
300 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ലൈബ്രറി കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തത്. സംഭവത്തിൽ ഡിഎംകെയ്ക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചപ്പോൾ, തങ്ങളുടെ ഭരണകാലത്തെ പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് വിജയ് സർക്കാർ ശ്രമിക്കുന്നതെന്ന മറുവാദവുമായി ഡിഎംകെ രംഗത്തെത്തി.
ലൈബ്രറി നേരിട്ട് സന്ദർശിച്ച ശേഷം തന്റെ 'സിന്ധൈ' എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച 'പെരിയാർ അറിവുലഗത്തിൽ പെരിയ ഊഴൽ' എന്ന ലേഖനത്തിലൂടെയാണ് പെരുമാൾ മുരുകൻ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. 300 രൂപ വിലമതിക്കുന്ന പുസ്തകങ്ങൾ 1500 രൂപ നിരക്കിലാണ് ലൈബ്രറിയിലേക്ക് വിറ്റത്. 'അഗൽവിളക്ക് പതിപ്പഗം' എന്ന അധികമാർക്കും അറിയാത്ത പ്രസാധകരാണ് ഇത്തരത്തിൽ 1800-ഓളം പുസ്തകങ്ങൾ വിതരണം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിതരണം ചെയ്ത ഭൂരിഭാഗം പുസ്തകങ്ങളിലും വ്യാജ ഐഎസ്ബിഎൻ നമ്പറുകളും എഐ നിർമ്മിത ഉള്ളടക്കങ്ങളും സാങ്കൽപ്പിക എഴുത്തുകാരുടെ പേരുകളും തെറ്റായ വിവരണങ്ങളുമാണുള്ളത്. പുസ്തകങ്ങളുടെ പേരിൽ കോടികൾ വകമാറ്റി ചെലവഴിച്ചതിന് പിന്നിലെ രാഷ്ട്രീയവും പണം എങ്ങോട്ട് പോയെന്നതും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.





