ന്യൂഡൽഹി: ഷാരൂഖ് ഖാൻ നായകനാകുന്ന 'കിങ്' എന്ന ചിത്രത്തിലെ വിവാദ രംഗം ഒഴിവാക്കിയില്ലെങ്കിൽ സിനിമ ബഹിഷ്കരിക്കുമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഈസ്റ്റ് ഡൽഹിയിലെ ബിജെപി എംഎൽഎ രവി നേഗി മുന്നറിയിപ്പ് നൽകി. ചിത്രത്തിലെ 'തു മിൽ ജായേ' എന്ന ഗാനരംഗം കാവി നിറത്തെ അപമാനിക്കുന്നതാണെന്നാണ് ബിജെപി നേതാവിന്റെ ആരോപണം.
ഷാരൂഖ് ഖാന്റെ 61-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ഗാനം പുറത്തിറങ്ങിയത്. ഗാനത്തിൽ ഷാരൂഖിനൊപ്പം ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് നടി ദീപിക പദുകോൺ നൃത്തം ചെയ്യുന്നത്. ഇതാണ് ബിജെപി നേതാവിന്റെ പ്രതിഷേധത്തിന് കാരണമായത്.
മൂന്ന് വർഷം മുൻപ് പുറത്തിറങ്ങിയ 'പത്താൻ' എന്ന സിനിമയിലും ദീപിക ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ധരിച്ചത് ഓൺലൈനിൽ വലിയ വിവാദമായിരുന്നുവെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. 'കിങ്' എന്ന ചിത്രത്തിലൂടെ ഷാരൂഖ് വീണ്ടും അതേ പ്രവൃത്തി ആവർത്തിച്ചിരിക്കുകയാണെന്നും ദൃശ്യം നീക്കം ചെയ്തില്ലെങ്കിൽ സിനിമയ്ക്കെതിരെ പ്രതിഷേധം നടത്തുമെന്നും രവി നേഗി വ്യക്തമാക്കി.





