ബെംഗളൂരു: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയടക്കം ഏഴുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കാബ് ഡ്രൈവർ ശേഖറിനെ രാജാജിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു ശ്രീരാമപുരത്തെ വീട്ടിൽ വെച്ച് രണ്ട് ദിവസങ്ങളിലായാണ് പ്രതി കൂട്ടക്കൊല നടത്തിയത്. നന്ദി ഹിൽസിന് സമീപത്തുനിന്ന് ഏഴുവയസ്സുകാരനായ പുനീതിന്റെ മൃതദേഹം കണ്ടെടുത്ത പോലീസ്, മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കൊലപാതകായുധമായ അമ്മിക്കല്ലും പിടിച്ചെടുത്തു.
ഇരുപത് വർഷം മുൻപ് വിവാഹിതരായ ശേഖറും സുനിതയും തമ്മിൽ, സുനിത സ്വന്തം വീട്ടിലേക്ക് സ്ഥിരമായി പോകുന്നതിനെച്ചൊല്ലി തർക്കം പതിവായിരുന്നു. ബന്ധുക്കൾ ഇടപ്പെട്ടിട്ടും പ്രശ്നം ഒത്തുതീർപ്പായില്ല. സുനിതയെ അവരുടെ മാതാവും സഹോദരന്മാരും പിന്തുണച്ചതിൽ പ്രകോപിതനായ ശേഖർ, ഭാര്യയുടെ കുടുംബത്തെ ഒന്നാകെ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ആദ്യം ഭാര്യ സുനിതയെ തലയ്ക്കടിച്ചു കൊന്ന പ്രതി, മൃതദേഹം തുണിയിൽ കെട്ടി നന്ദി ഹിൽസിന് സമീപം ഉപേക്ഷിച്ചു. സംശയം ഒഴിവാക്കാൻ സുനിതയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം അവർ യാത്രയിലാണെന്ന് നാട്ടുകാരെ ധരിപ്പിച്ചു. തൊട്ടടുത്ത ദിവസം വിരുന്നിനെന്ന വ്യാജേന ഭാര്യാസഹോദരന്മാരായ ശിവകുമാർ, ശങ്കർ എന്നിവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരെയും കൊലപ്പെടുത്തി. തുടർന്ന് ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപാവതി, ശിവകുമാറിന്റെ മകൻ പുനീത് എന്നിവരെയും ഇതേ രീതിയിൽ വകവരുത്തുകയായിരുന്നു.
കൊലപാതകങ്ങൾക്ക് ശേഷം വീട് രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ പ്രതി, മൃതദേഹങ്ങൾ ചിക്ക്ബെല്ലാപ്പൂരിലെ നന്ദി ഹിൽസ്, ചാർമാഡി ഘട്ട് തുടങ്ങിയ വ്യത്യസ്ത ഇടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ വ്യാഴാഴ്ച നളിനിയുടെ മാതാവ് ശ്രീരാമപുരം പോലീസ് സ്റ്റേഷനിൽ നൽകിയ തിരോധാന പരാതിയിലെ അന്വേഷണമാണ് പ്രതിയിലേക്ക് വിരൽചൂണ്ടിയത്. ശേഷിക്കുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്; കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ജനവാസമേഖലയിൽ നടന്ന ഈ കൃത്യം അയൽവാസികൾ അറിയാതെ പോയത് എങ്ങനെയെന്നും അന്വേഷിച്ചുവരികയാണ്.





