ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് വ്യാജ ഒളിക്യാമറ ദൃശ്യങ്ങൾ നിർമ്മിച്ചു പ്രചരിപ്പിച്ച കേസിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി). വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ഫോൺ കരോൾബാഗിൽ നിന്ന് വാങ്ങി കുമാരസ്വാമിയുടെ വസതിയിൽ വെച്ചാണ് കൈമാറിയതെന്ന് പിടിയിലായ മുഖ്യപ്രതി റിതേഷ് പാണ്ഡെ പോലീസിന് മൊഴി നൽകി.
കുമാരസ്വാമിയുടെ സോഷ്യൽ മീഡിയ ടീമിലെ പ്രജ്വൽ പ്രസാദിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് പ്രജ്വൽ പ്രസാദ്, റിതേഷിന്റെ സുഹൃത്ത് വിനോദ് ശർമ്മ എന്നിവരെ കസ്റ്റഡിയിലെടുക്കാൻ നോട്ടീസ് അയച്ചതായും ഇരുവരുടെയും സാമ്പത്തിക ഇടപാടുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണെന്നും സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഒളിക്യാമറ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോൺ കണ്ടെടുത്തു ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
2011-ൽ നടന്നതായി പറയപ്പെടുന്ന സംഭവത്തെ ആസ്പദമാക്കി കഴിഞ്ഞ വർഷമാണ് വിപിഎൻ, വ്യാജ ഐപി വിലാസങ്ങൾ എന്നിവ ഉപയോഗിച്ച് സിദ്ധരാമയ്യക്കെതിരെ വ്യാജ ലൈംഗിക പീഡന ആരോപണ വീഡിയോ പ്രചരിപ്പിച്ചത്. ആരോപണങ്ങളിൽ വാസ്തവമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് സിദ്ധരാമയ്യ കോടതിയെ സമീപിച്ച് വിലക്ക് സമ്പാദിച്ചിരുന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന ആരോപണത്തെ തുടർന്ന് പുത്തൂരിൽ നിന്ന് സീറ്റ് പ്രതീക്ഷിച്ചിരുന്ന മുൻ കെപിസിസി ജനറൽ സെക്രട്ടറി കൃപ ആൽവയെ കോൺഗ്രസ് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.





