ശ്രീനഗർ: ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഹിന്ദുക്കളും പാകിസ്താനികളാണോ എന്ന് പരിഹസിച്ച് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനാണ് എസ്ഐഐആർ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തെ അദ്ദേഹം രൂക്ഷമായി ചോദ്യം ചെയ്തു. മുസ്‌ലിങ്ങളെ നിരന്തരം പാകിസ്താനികൾ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിനെതിരെ പ്രതികരിച്ച അദ്ദേഹം, രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരിൽ തങ്ങളുടെ സമുദായത്തിൽപ്പെട്ടവരുമുണ്ടെന്ന് വ്യക്തമാക്കി.
കണക്കുകൾ പ്രകാരം ഒന്നരക്കോടിയിലധികം ആളുകളുടെ പേരുകളാണ് യുപിയിൽ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നും, വോട്ട് ചോരി ആരോപിച്ചുകൊണ്ട് എത്രകാലം ഇത് ന്യായീകരിക്കുമെന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു. അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടന പ്രകാരം എല്ലാ മതവിഭാഗങ്ങൾക്കും തുല്യ അവകാശവും വോട്ടവകാശവുമാണുള്ളതെന്നും, ഒരു പൗരന് പോലും വോട്ടവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും രാംലീല മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്ക് പിന്നാലെ നടന്ന ചടങ്ങിൽ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും പങ്കെടുത്തു. വൻ ജനപങ്കാളിത്തം പ്രശ്നത്തിന്റെ ഗൗരവമാണ് കാണിക്കുന്നതെന്നും ഇപ്പോൾ തന്നെ തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി.





