അമരാവതി: ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ കയറി യന്ത്രവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ഹേമന്തിന് (21) പോലീസ് എൻകൗണ്ടറിൽ ഗുരുതര പരിക്ക്. തെളിവെടുപ്പ് നടത്തുന്നതിനിടെ കസ്റ്റഡിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പ്രതിക്ക് നേരെ ആറുതവണ വെടിയുതിർത്തതെന്ന് പോലീസ് വ്യക്തമാക്കി; പരിക്കേറ്റ ഇയാൾ നിലവിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ ബന്ധു കൂടിയായ ഹേമന്ത്, രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ അധ്യാപിക ക്ലാസെടുക്കുന്നതിനിടയിലാണ് കുട്ടിയെ അതിക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കുട്ടി അപകടനില തരണം ചെയ്തതായി കുടുംബം അറിയിച്ചു.
പ്രതിയെ എൻകൗണ്ടറിൽ വെടിവെച്ചു കൊല്ലണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുവാവിന് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്ന കാര്യം തങ്ങൾക്കറിയില്ലായിരുന്നുവെന്നും, മുൻകൂട്ടി വിവരം ലഭിച്ചിരുന്നെങ്കിൽ മുൻകരുതൽ സ്വീകരിക്കുമായിരുന്നുവെന്നും ബന്ധുക്കൾ പ്രതികരിച്ചു.





