ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വോട്ടു കൊള്ളയുടെ തെളിവുകൾ സമർപ്പിക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ വീണ്ടും കാണാൻ 'ഇന്ത്യ' സഖ്യ നേതാക്കൾ സമയം തേടുന്നു. ഒക്ടോബർ 9-ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി നേതാക്കൾ നിവേദനം നൽകിയപ്പോൾ, ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കാൻ രാഷ്ട്രപതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്താൻ പ്രതിപക്ഷം തീരുമാനിച്ചത്.
ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുക, കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ റദ്ദാക്കുക, എസ്ഐആർ നടപടികൾ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സഖ്യം പ്രക്ഷോഭം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിൽ ഡൽഹി കേന്ദ്രീകരിച്ചു നടക്കുന്ന പ്രതിഷേധങ്ങൾ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പ്രധാന പ്രതിപക്ഷ കക്ഷികൾ നേതൃത്വം നൽകും.
നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന വൻ റാലിക്ക് ശേഷം സംസ്ഥാനങ്ങളിലെ തുടർസമരങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് മുതിർന്ന നേതാക്കൾ ഇതിനകം പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.





