ജയ്പൂർ: രാജസ്ഥാനിലെ സിക്കാറിൽ പ്രതിമാസം 10,000 രൂപ ശമ്പളത്തിൽ മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുന്ന 22-കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് പതിനായിരം കോടി രൂപ. കൊട്ടക് ബാങ്കിൽ അക്കൗണ്ടുള്ള സമീർ ഖാന്റെ അക്കൗണ്ടിലാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഭീമമായ തുക ക്രെഡിറ്റായതും, തുടർന്ന് അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചതും. ഇതോടെ സ്വന്തം അക്കൗണ്ടിലുണ്ടായിരുന്ന യഥാർത്ഥ നിക്ഷേപമായ 55,000 രൂപ പോലും ഉപയോഗിക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് യുവാവ് അകപ്പെട്ടത്.
കഴിഞ്ഞ പത്ത് മാസമായി സിക്കാർ നഗരത്തിലെ നിർമൽ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനാണ് സമീർ. ബുധനാഴ്ച പ്രീപെയ്ഡ് മൊബൈൽ നമ്പർ റീചാർജ് ചെയ്യാനായി മൊബൈൽ ബാങ്കിംഗ് ആപ്പ് പരിശോധിച്ചപ്പോഴാണ് ബാലൻസ് പൂജ്യമായി കാണിക്കുകയും വിശദമായ പരിശോധനയിൽ 10,000 കോടി രൂപ വന്നതിനെത്തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചതായും വ്യക്തമായത്. ഇതോടെ പരിഭ്രാന്തനായ സമീർ കടയുടമ ധീരജ് ശർമയെ ഒപ്പംകൂട്ടി സിക്കാർ സൈബർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
വിഷയത്തിൽ ബാങ്കിനെ നേരിട്ട് സമീപിക്കാൻ പോലീസ് നിർദ്ദേശിച്ചതിനെ തുടർന്ന് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ബാങ്കിലെ സാങ്കേതിക തകരാറാണ് അബദ്ധത്തിന് കാരണമെന്ന് സ്ഥിരീകരിച്ച അധികൃതർ പ്രശ്നം പരിഹരിക്കുകയും സമീറിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 55,000 രൂപ പൂർണ്ണമായും പുനഃസ്ഥാപിക്കുകയും ചെയ്തു. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം കാണുന്നതെന്നും വിവരം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും കടയുടമ ധീരജ് ശർമ പ്രതികരിച്ചു.





