ചെന്നൈ: ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ശേഷം കോളേജ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് ക്രിസ്റ്റഫറിനെ കന്യാകുമാരി പോലീസ് പിടികൂടി. ടിവികെയുടെ സെൻട്രൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഇയാളെ തക്കല പോലീസാണ് അറസ്റ്റ് ചെയ്തത്.
നാഗർകോവിലിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ എംഎ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. മഴയുള്ള സമയത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിക്കും സുഹൃത്തിനും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിലെത്തിയ ക്രിസ്റ്റഫർ ലിഫ്റ്റ് നൽകുകയായിരുന്നു. തുടർന്ന് സുഹൃത്തിനെ ആദ്യം വഴിയിൽ ഇറക്കിവിട്ട ശേഷം, പെൺകുട്ടിയുമായി യാത്ര തുടരുന്നതിനിടെ വാഹനം നിർത്തി ഇയാൾ അതിക്രമം കാട്ടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വീട്ടിലെത്തിയ പെൺകുട്ടി വിവരമറിയിച്ചതിനെത്തുടർന്ന് കുടുംബം തക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽപ്പോയ പ്രതിയെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് കന്യാകുമാരി പോലീസ് അറിയിച്ചു.





