ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് സംഘടിപ്പിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മാർച്ചിൽ എല്ലാ വിദ്യാർത്ഥി സംഘടനകളും പങ്കെടുക്കണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ജനാധിപത്യവും ഭരണഘടനയും രാജ്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പരിപാടിയല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിനെയോ ലാത്തിയെയോ ഭയപ്പെടേണ്ടതില്ലെന്നും അതിനുള്ള ധൈര്യം ബിജെപിക്കില്ലെന്നും പറഞ്ഞ രാഹുൽ ഗാന്ധി, മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവർക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു.
റാലിയുടെ മുന്നൊരുക്കങ്ങളും നാളെ നടത്താനിരിക്കുന്ന മോക്ക് ഇംപീച്ച്‌മെന്റും ചർച്ച ചെയ്യുന്നതിനായി ഇന്ത്യാ മുന്നണി നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു. പ്രിയങ്ക ഗാന്ധി, പവൻ ഖേര, ജയറാം രമേശ്, ജോൺ ബ്രിട്ടാസ്, പി.പി. സുനീർ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കാനെത്തി.
നവംബർ ഒന്നിന് നടക്കുന്ന റാലിയിൽ പതിനായിരത്തോളം സിപിഐഎം പ്രവർത്തകർ അണിനിരക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി അറിയിച്ചു. ഉത്തരേന്ത്യയിൽ നിന്ന് കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുമെന്നും ജനങ്ങൾ എത്തുന്നത് തടയാൻ സർക്കാർ ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു; പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിഷേധമാണ് ഇപ്പോൾ ബിജെപി നടത്തുന്നതെന്നും ബ്രിട്ടാസ് പരിഹസിച്ചു.





