ലഖ്‌നൗ: അക്രമമാർഗ്ഗങ്ങളിലൂടെ നിലവിലെ ഭരണസംവിധാനത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ സർക്കാർ സർവീസിൽ നിയമിക്കുന്നതിൽ നിന്ന് വിലക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്കിടെ ഭരണമാറ്റത്തിനായുള്ള ആഹ്വാനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, നേരിട്ടുള്ള നിയമനങ്ങൾക്കായുള്ള ഉദ്യോഗാർത്ഥികളുടെ സ്വഭാവ പരിശോധനാ ചട്ടങ്ങൾ കർശനമാക്കിക്കൊണ്ട് യോഗി ആദിത്യനാഥ് സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. എന്നാൽ, ഉത്തരവ് കൊളോണിയൽ കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്ന് സമാജ്‌വാദി പാർട്ടിയും, സർക്കാർ കോടതികളുടെ അധികാരം ഏറ്റെടുക്കുകയാണെന്ന് കോൺഗ്രസും കുറ്റപ്പെടുത്തി.
പുതിയ ഉത്തരവ് പ്രകാരം സ്വഭാവ പരിശോധനാ റിപ്പോർട്ട് വൈകുന്നു എന്ന പേരിൽ ഉദ്യോഗാർത്ഥികൾക്ക് നിയമനം നീട്ടിവെക്കില്ല. പകരം ഉദ്യോഗാർത്ഥിയുടെ സത്യവാങ്മൂലത്തിന്റെയും ആവശ്യമായ രേഖകളുടെയും അടിസ്ഥാനത്തിൽ താൽക്കാലിക നിയമന ഉത്തരവ് നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് അധികാരമുണ്ടാകും; എന്നാൽ പരിശോധനയിൽ തെറ്റായ വിവരങ്ങൾ നൽകിയതായി വ്യക്തമാകുകയോ അയോഗ്യനാണെന്ന് തെളിയുകയോ ചെയ്താൽ നിയമനം ഉടനടി റദ്ദാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. നിലവിൽ സർക്കാർ സർവീസിലുള്ളവർക്ക് വീണ്ടും പരിശോധന ആവശ്യമില്ലെങ്കിലും, അധികാരികൾക്ക് മുൻ വകുപ്പുകളിൽ നിന്ന് രേഖകൾ പരിശോധിക്കാവുന്നതാണ്.
പോലീസും ലോക്കൽ ഇന്റലിജൻസ് യൂണിറ്റും (എൽഐയു) 30 ദിവസത്തിനകം റിപ്പോർട്ട് നിയമനാധികാരിക്ക് കൈമാറണമെന്നും കാലതാമസം ആഭ്യന്തര വകുപ്പ് നേരിട്ട് നിരീക്ഷിക്കുമെന്നും ചട്ടങ്ങളിൽ പറയുന്നു. പരിശോധനയ്ക്കായി പോലീസ് ഉദ്യോഗാർത്ഥിയുടെ വീട്ടിലെത്തുകയോ ഉദ്യോഗാർത്ഥി നേരിട്ട് ഹാജരാകുകയോ ചെയ്യേണ്ടതില്ല. റിപ്പോർട്ട് പ്രതികൂലമാണെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റ് ശുപാർശ നൽകുന്നതിന് മുമ്പ് ഉദ്യോഗാർത്ഥിക്ക് നേരിട്ടോ ഓൺലൈനായോ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകണം.
അതേസമയം, യോഗി സർക്കാരിന്റെ നടപടിയെ ബ്രിട്ടീഷ് ഭരണരീതികളോട് ഉപമിച്ച് സമാജ്‌വാദി പാർട്ടി വക്താവ് ഉദയ്‌വീർ രംഗത്തെത്തി. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടന നൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തെയും തെരഞ്ഞെടുപ്പിലൂടെയുള്ള സ്വാഭാവിക ഭരണമാറ്റങ്ങളെയും ഭീഷണിപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ ജഡ്ജിയുടെ റോൾ ഏറ്റെടുക്കുകയാണോ എന്നും 'ജെൻ സി' പ്രതിഷേധങ്ങളെ ഭയന്നാണ് ഇത്തരമൊരു നടപടിയെന്നും കോൺഗ്രസ് നേതാവ് റാഷിദ് അൽവിയും ആരോപിച്ചു.





