ന്യൂഡൽഹി: സുപ്രീം കോടതി വളപ്പിൽ വെച്ച് ഗർഭിണിയായ തന്നെ തള്ളിയിട്ടെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കോടതി പരിസരത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാൻ അനുമതി തേടി മാധ്യമപ്രവർത്തക സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ നടപടി. മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്.
ഒക്ടോബർ 12-ന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ (INDIA) മുന്നണി നേതാക്കൾ റിട്ട് ഹർജി നൽകാനായി സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. ആ സമയത്ത് താൻ 11 ആഴ്ചയും മൂന്ന് ദിവസവും ഗർഭിണിയായിരുന്നുവെന്നും, സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും നിറഞ്ഞ തിരക്കിനിടയിൽ രാഹുൽ ഗാന്ധി തന്നെ ഗേറ്റിലേക്ക് ബലമായി തള്ളിയിടുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. തള്ളരുതെന്ന് അഭ്യർത്ഥിച്ചിട്ടും കേൾക്കാതെ പെട്ടെന്നുണ്ടായ ഈ നടപടി സാധാരണ ഉന്തും തള്ളുമല്ലായിരുന്നുവെന്നും, നിലത്തു വീഴാതിരിക്കാൻ കൈകൾ കുത്തിയാണ് ആഘാതം കുറച്ചതെന്നും ഹർജിയിൽ പറയുന്നുണ്ട്.
വീഴ്ചയുടെ ആഘാതത്തിൽ തന്റെ മൊബൈൽ ഫോൺ തകരുകയും വസ്ത്രത്തിലുണ്ടായിരുന്ന മൈക്രോഫോൺ റിസീവർ വേർപെടുകയും ചെയ്തതായി മാധ്യമപ്രവർത്തക വ്യക്തമാക്കി. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഒപ്പമുണ്ടായിരുന്ന ക്യാമറാമാൻ പകർത്തിയിട്ടുണ്ടെന്നും, മൈക്രോഫോണിൽ തന്റെ ശബ്ദം പതിഞ്ഞിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.





