ലക്‌നൗ: ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് മുസ്ലിങ്ങൾ, യാദവർ, സമാജ്‌വാദി പാർട്ടി അനുഭാവികൾ എന്നിവരെ ആസൂത്രിതമായി നീക്കം ചെയ്തെന്ന ഗുരുതര ആരോപണവുമായി എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് ലക്‌നൗവിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്ത അദ്ദേഹം ഭരണപക്ഷമായ ബിജെപിയെയും രൂക്ഷമായി വിമർശിച്ചു. കമ്മീഷൻ നിഷ്പക്ഷമായി ശരിയായ തീരുമാനങ്ങൾ എടുത്തിരുന്നുവെങ്കിൽ പാർട്ടിക്ക് ഇത്തരം കാര്യങ്ങൾ സ്വന്തം നിലയിൽ പരിശോധിക്കേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സ്വന്തം വിശ്വാസ്യത നിലനിർത്താൻ കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർക്ക് അവരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടി വന്നിരിക്കുകയാണെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.





