ചെന്നൈ: തിരുപ്പതി ക്ഷേത്രദർശനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന നിരന്തര സൈബർ ആക്രമണങ്ങൾക്കും പരിഹാസങ്ങൾക്കും ശക്തമായ മറുപടിയുമായി തമിഴ്നാട് വ്യവസായ വകുപ്പ് മന്ത്രി കീർത്തന. മുഖ്യമന്ത്രി വിജയ്‌യുടെ പൂർണ്ണ പിന്തുണയും ജനങ്ങളുടെ വിശ്വാസവുമാണ് തന്റെ കരുത്തെന്ന് അവർ എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി.
താനൊരു പെൺകുട്ടിയായതുകൊണ്ടാണ് ഓരോ വാക്കും ചുവടുകളും മൂല്യങ്ങളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നത്. സ്വർണ്ണം പോലും പരിശോധിക്കപ്പെടാറുണ്ടെന്നും, വരാനിരിക്കുന്ന പ്രസംഗങ്ങൾ വരെ ലാബുകളിൽ കൊണ്ടുപോയി ഓരോ വാക്കായി കീറിമുറിച്ചാലും അവർ അത് ചെയ്യട്ടെയെന്നും കീർത്തന കുറിച്ചു.
താൻ എന്തിനാണ് ഇറങ്ങിപ്പുറപ്പെട്ടതെന്ന കൃത്യമായ ബോധ്യമുള്ള ഒരു സ്ത്രീയുടെ ദൃഢനിശ്ചയത്തെ ഇത്തരം സൂക്ഷ്മപരിശോധനകൾക്ക് തളർത്താനോ കെടുത്താനോ കഴിയില്ലെന്ന് ടിവികെ മന്ത്രി ചൂണ്ടിക്കാട്ടി. വിമർശകർക്ക് മുന്നിൽ സ്വന്തം വില തെളിയിക്കേണ്ട ആവശ്യമില്ലെന്നും കാലം അത് തെളിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.





