ചെന്നൈ: തമിഴ്നാട്ടിലെ തേനി സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരിൽ പിടിയിലാകാനുള്ള നാല് പേർക്കായി അമച്ചിയാപുരം വനമേഖല വളഞ്ഞ് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ജയിലിന്റെ പിൻഭാഗത്തുള്ള കുന്നിൻപ്രദേശത്ത് ഇവർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നൂറോളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
17 പ്രത്യേക സംഘങ്ങളെയും മൂന്ന് അത്യാധുനിക ഡ്രോണുകളെയും ഉപയോഗിച്ചാണ് വനമേഖല കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നതെന്ന് സൗത്ത് സോൺ ഐജി വിജയേന്ദ്ര ബിദാരി വ്യക്തമാക്കി. ജയിൽ ചാടിയ 17 തടവുകാരിൽ 13 പേർ ഇതിനകം പിടിയിലായിട്ടുണ്ട്; ഇതിൽ എട്ട് പേരെ ഇന്നലെ ഇതേ പ്രദേശത്തു നിന്നാണ് പിടികൂടിയത്. വനവും മലനിരകളും നിറഞ്ഞ പ്രദേശമായതിനാൽ തടവുകാർ കടന്നുകളയാതിരിക്കാൻ എല്ലാ വഴികളും നേരത്തെ തന്നെ പൊലീസ് അടച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് നാടകീയമായ ജയിൽച്ചാട്ടം നടന്നത്. ഒരു തടവുകാരൻ അപസ്മാര ലക്ഷണങ്ങൾ അഭിനയിക്കുകയും, രക്ഷാപ്രവർത്തനത്തിനെത്തിയ വാർഡനെയും രണ്ട് പൊലീസുകാരെയും കൂട്ടത്തോടെ ആക്രമിച്ച് 17 പേരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. കൊലപാതകശ്രമം, ലഹരിമരുന്ന് കടത്ത് തുടങ്ങിയ ഗുരുതര കേസുകളിലെ പ്രതികളായ ഇവർ ഭൂരിഭാഗവും 19-നും 26-നും ഇടയിൽ പ്രായമുള്ളവരാണ്.





