ചെന്നൈ: തേനി ജില്ലാ ജയിലിൽ നിന്ന് ഒരേസമയം 17 തടവുകാർ കൂട്ടത്തോടെ ചാടിപ്പോയ സംഭവത്തിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ടിവികെ സർക്കാരിനെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി ഡിഎംകെയും ബിജെപിയും രംഗത്തെത്തി. സംസ്ഥാനത്ത് ജയിൽ സുരക്ഷയിലും ക്രമസമാധാനപാലനത്തിലും അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തിയപ്പോൾ, ഇത്തരം സംഭവങ്ങൾ അടിക്കടി ആവർത്തിക്കുകയാണെന്ന് ബിജെപിയും ആക്ഷേപം ഉന്നയിച്ചു. അതേസമയം, കേസിൽ സമഗ്രമായ അന്വേഷണത്തിനായി 17 പ്രത്യേക സംഘങ്ങളെ രൂപീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു.
1995-ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം തടവുകാർ ഒന്നിച്ച് രക്ഷപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, ആധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള 2026-ൽ ഇത് എങ്ങനെ സംഭവിച്ചുവെന്ന് എക്സിലൂടെ (ട്വിറ്റർ) ചോദിച്ചു. 'ബ്രേക്കിംഗ് ബാഡി'ന് പിന്നാലെ തമിഴ്‌നാട്ടിൽ 'പ്രിസൺ ബ്രേക്കും' ആരംഭിച്ചിരിക്കുകയാണെന്നും, പുഴൽ ജയിലിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ വീഴ്ച സർക്കാർ കഴിവുകേടിന്റെ തെളിവാണെന്നും അദ്ദേഹം പരിഹസിച്ചു. ജാമ്യത്തിലിറങ്ങുന്നവരെ നിരീക്ഷിക്കുന്നതിൽ മാത്രമല്ല, ജയിലിലുള്ളവരെ തടങ്കലിൽ വെക്കുന്നതിലും പരാജയപ്പെട്ട ടിവികെ ഭരണത്തിൽ ജനങ്ങൾ സ്വയം സുരക്ഷ ഉറപ്പാക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തടവുകാരിലൊരാൾ അപസ്മാരം അഭിനയിക്കുകയും തുടർന്ന് സഹായിക്കാനെത്തിയ ജയിൽ ജീവനക്കാരെ ആക്രമിച്ച ശേഷം സംഘം കൂട്ടത്തോടെ കടന്നുകളയുകയുമായിരുന്നു. വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന 17 പേരാണ് രക്ഷപ്പെട്ടത്; ഇതിൽ ഒരാളെ ജയിലിന് സമീപത്തുനിന്ന് തന്നെ പിടികൂടിയിട്ടുണ്ട്. ഡ്രോൺ നിരീക്ഷണത്തോടൊപ്പം ദക്ഷിണ തമിഴ്‌നാട്ടിലുടനീളം വാഹനപരിശോധനയും തിരച്ചിലും പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.





