ബെംഗളൂരു: വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പൗരന്മാർക്ക് ഫോം 6 ഉപയോഗിച്ച് വീണ്ടും അപേക്ഷ നൽകി പേരുകൾ പുനഃസ്ഥാപിക്കാമെന്ന് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) അൻബുകുമാർ അറിയിച്ചു. പട്ടികയിൽ പേരില്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ കൃത്യമായ പരിശോധനകൾക്ക് ശേഷം അവ തിരികെ ചേർക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, 18 വയസ്സ് പൂർത്തിയായവർ ഉടൻതന്നെ പേര് ചേർക്കാൻ മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു.
എസ്‌ഐആറിന് (SIR) ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി കമ്മീഷൻ രംഗത്തെത്തിയത്. നേരത്തെ പുറത്തിറക്കിയ കരട് പട്ടികയിൽ നിന്ന് 1.07 കോടിയിലധികം പേരുകൾ വെട്ടിമാറ്റിയിരുന്നു; എന്നാൽ ഇപ്പോൾ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ആകെ 99.32 ലക്ഷം പേരെയാണ് ഒഴിവാക്കിയിട്ടുള്ളത്.
പുതിയ സമ്മതിദായകരുടെ രജിസ്ട്രേഷൻ ഉൾപ്പെടെ ആകെ 7,87,534 അപേക്ഷകളാണ് തെരഞ്ഞെടുപ്പ് അധികൃതർക്ക് ഇതിനകം ലഭിച്ചിട്ടുള്ളത്. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനത്തെ മുഴുവൻ വോട്ടർമാരിലേക്കും എത്തിക്കാനുള്ള പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സിഇഒ വ്യക്തമാക്കി.





