ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിൽ എൻ.എസ്.യു.ഐ നേതാക്കൾക്കിടയിലുള്ള അതൃപ്തി തുടരുന്നു. പ്രതിഷേധ മാർച്ചിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം ഏറ്റവും മുന്നിൽ അണിനിരന്നതിലും നേതാക്കളുടെ ബസിലും ട്രക്കിലും ഇടം നൽകിയതിലും എൻ.എസ്.യു.ഐക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
തങ്ങൾ കഠിനാധ്വാനം ചെയ്യുമ്പോൾ മറ്റ് സംഘടനകളുടെ പ്രതിനിധികൾക്ക് മുൻഗണന നൽകുന്നതിലും, നേഹ ബോറ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് സംയുക്ത വാർത്താസമ്മേളനം നടത്തിയതിലും എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് കടുത്ത അമർഷമുണ്ടായിരുന്നു. ഈ അതൃപ്തിയെത്തുടർന്ന് സംഘടനയുടെ ഡൽഹി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് 'we the chhotu' എന്ന് മാറ്റി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വിഷയം ചർച്ചയാവുകയും നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ വാട്സ്ആപ്പ് ഗ്രൂപ്പ് പഴയ പേരിലേക്ക് തിരികെ മാറ്റി. എൻ.എസ്.യു.ഐ പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകുമെന്ന് ഉറപ്പുനൽകി സംഘടനയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.





