ന്യൂഡൽഹി: ഇന്റർനെറ്റ് പ്രാപ്യതയും ഉപയോഗവും കുട്ടികളുടെയും മൗലികാവകാശമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ വിലക്കുകൾ തള്ളി. അതേസമയം, ഓൺലൈൻ ലൈംഗിക ചൂഷണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി കർശന സംവിധാനങ്ങൾ വേണമെന്നും പ്ലാറ്റ്ഫോമുകളിലെ ബാലലൈംഗിക പീഡന ഉള്ളടക്കങ്ങൾ (സിഎസ്എഎം) വേഗത്തിൽ കണ്ടെത്തി നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.
ഒരു പ്ലാറ്റ്ഫോം ഇത്തരം ഉള്ളടക്കം ഒഴിവാക്കിയാലും മറ്റ് പ്ലാറ്റ്ഫോമുകളിൽ അവ തടസ്സമില്ലാതെ പ്രചരിക്കുന്നത് തടയാൻ പെർസെപ്ച്വൽ ഹാഷുകളുടെയും യുആർഎല്ലുകളുടെയും ദേശീയ ഡാറ്റാബേസ് തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ ഒറ്റ പരാതിയുടെ പേരിൽ ഉള്ളടക്കങ്ങൾ യാന്ത്രികമായി നീക്കം ചെയ്യരുതെന്നും, തെറ്റായ നീക്കങ്ങൾ പരിഹരിക്കാൻ പരാതിപരിഹാര സംവിധാനം ഉറപ്പാക്കണമെന്നും ഈ വിവരശേഖരം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്.
സോഷ്യൽ മീഡിയയിലെ റീഡയറക്ട് ലിങ്കുകൾ വഴി കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾക്ക് പണം നൽകിയുള്ള പ്രചാരണം നടക്കുന്നുവെന്ന റിപ്പോർട്ടുകൾ പരിഗണിച്ചാണ് കോടതി നടപടി. പ്രായപരിധി കർശനമാക്കിയാൽ കുട്ടികൾ കൂടുതൽ അപകടകരമായ സൈറ്റുകളിലേക്ക് തിരിയാനും ശിക്ഷ ഭയന്ന് ചൂഷണങ്ങൾ തുറന്നുപറയാതിരിക്കാനും ഇടയാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ അവകാശങ്ങൾ ഹനിക്കാതെ പ്രാഥമിക സ്കൂൾ തലം മുതൽ ബോധവൽക്കരണം നൽകാനും അധികൃതർക്ക് നിർദ്ദേശമുണ്ട്.





