ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി സിക്കിം ഗവർണറായ ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ കേരള ഗവർണറായി പ്രവർത്തിച്ചിരുന്ന രാജേന്ദ്ര ആർലേക്കർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകിയതിനൊപ്പമാണ് ഈ മാറ്റം.
മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ച കേന്ദ്രം, മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രജ് മോഹൻ റാം ഒഡീഷയിലും, ഡോ. സുധ യാദവ് കർണാടകയിലും, ഡോ. ധൽ സിങ് ബിസൻ ഉത്തരാഖണ്ഡിലും പുതിയ ഗവർണർമാരായി ചുമതലയേൽക്കും.
രാജസ്ഥാനിലെ ബാലി സ്വദേശിയായ ഓം പ്രകാശ് മാഥൂർ ആർഎസ്എസ് പ്രചാരകനായാണ് പൊതുരംഗത്തെത്തിയത്. 2008-ൽ രാജസ്ഥാൻ ബിജെപി സംസ്ഥാന പ്രസിഡന്റായ അദ്ദേഹം ഗുജറാത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1989 മുതൽ 2024 വരെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്ന മാഥൂർ ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുകയും 2008-ലും 2016-ലും രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലെത്തുകയും ചെയ്തു. 2024-ലായിരുന്നു ഇദ്ദേഹം സിക്കിം ഗവർണറായി നിയമിതനായത്.





