ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച 'ഡൽഹി ചലോ മാർച്ച്' ഇന്ന് തലസ്ഥാനത്ത് നടക്കും. കൊണാട്ട് പ്ലേസിൽ നിന്ന് സുപ്രീം കോടതിയിലേക്ക് നടത്തുന്ന മാർച്ചിൽ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.എ. ബേബി എന്നിവരുൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കൾ അണിനിരക്കും. രാജ്യതലസ്ഥാനത്ത് സിജെപിയും പ്രതിപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങളും ഇന്നും തുടരുകയാണ്.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുകൾ നിലനിൽക്കെത്തന്നെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആറ് മെട്രോ സ്റ്റേഷനുകൾ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അടച്ചുപൂട്ടി. സുപ്രീം കോടതി പരിസരത്തും ജന്തർ മന്തറിലേക്കുള്ള പാതകളിലുമായി അർദ്ധസൈനിക വിഭാഗം ഉൾപ്പെടെ 35,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിൽ 37 പ്രധാന ഇടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് കർശന നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
മാർച്ചിന്റെ ഭാഗമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണാൻ സമയം തേടിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ പോലീസ് മർദ്ദനത്തിന് ഇരയായ ജോൺ ബ്രിട്ടാസ് എംപി രാജ്യസഭാ ചെയർമാന് അവകാശലംഘന നോട്ടീസ് നൽകും.





