ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ഡൽഹിയിൽ ഏകാധിപത്യ ഭരണം നടത്തുകയാണെന്നും ഇതിനെ ഭയപ്പെടില്ലെന്നും കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. വീടുകളിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ നഗരമെങ്ങും പോലീസിനെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരിക്കുകയാണെന്നും വഴിയാത്രക്കാരെപ്പോലും കസ്റ്റഡിയിലെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ട് കൊള്ള നടത്തുന്നതിനിടെ പ്രധാനമന്ത്രി കൈയോടെ പിടിക്കപ്പെട്ടുവെന്നും ഇതിൽ രോഷാകുലരായ രാജ്യത്തെ ജനങ്ങൾ നീക്കത്തെ അംഗീകരിക്കില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
രാജ്യത്തെ രക്ഷിക്കാൻ എല്ലാ പൗരന്മാരും യുവാക്കളും ഡൽഹിയിലേക്ക് എത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങളെ പോലീസ് എവിടെയാണോ തടയുന്നത്, ആ ഇടങ്ങളെല്ലാം ജന്തർ മന്തറാക്കി മാറ്റി സമരം ചെയ്യണമെന്നും കെജ്‌രിവാൾ ആഹ്വാനം ചെയ്തു.





