ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ബിജെപി മരണവെപ്രാളം കാണിക്കുകയാണെന്നും ഇത്തരം പ്രവൃത്തികൾ പാർട്ടിയുടെ നാശത്തിലേക്കാണ് വഴിവെക്കുകയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം ഒഴിഞ്ഞേ മതിയാകൂവെന്നും അതിനായുള്ള പ്രതിഷേധങ്ങൾ രാജ്യമെമ്പാടും അലയടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാരിന്റെ പരിഭ്രാന്തി കാരണമാണ് ഡൽഹിയിൽ ഇതുവരെ കാണാത്ത സംഭവവികാസങ്ങൾ അരങ്ങേറുന്നത്. ജനാധിപത്യം വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തിന്റെ ഭാഗമായി, രാജ്യം ഇതുവരെ സാക്ഷ്യം വഹിക്കാത്ത പ്രതിഷേധത്തിനാണ് തിങ്കളാഴ്ച ഡൽഹി വേദിയാകാൻ പോകുന്നതെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി. ഡൽഹി പോലീസിന്റെ നടപടിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കും.
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന വാഗ്ദാനം ബിജെപി ഇതുവരെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിമൂന്ന് വർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി പ്രഖ്യാപനം നടത്തിയ സമയത്തുണ്ടായിരുന്ന അതേ വ്യക്തി തന്നെയാണ് ഇപ്പോഴും ആരോഗ്യമന്ത്രിയായി തുടരുന്നത്. ഇനിയും രണ്ടു വർഷം കൂടി മാത്രമേ ബിജെപിക്ക് എയിംസ് തടയാൻ കഴിയൂവെന്നും 2029-ൽ കേരളത്തിൽ എയിംസ് നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





