ന്യൂഡൽഹി: സിജെപിയും വിവിധ വിദ്യാർത്ഥി സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം അടിച്ചമർത്താൻ ഡൽഹിയിൽ പോലീസ് നടത്തിയ കടുത്ത നടപടികൾക്കെതിരെ വിദ്യാർത്ഥി നേതാവ് ഐഷി ഘോഷ്. തങ്ങൾ ഭീകരവാദികളല്ലെന്നും പോലീസ് വെടിവെക്കാൻ ഒരുങ്ങുകയാണെങ്കിൽ വെടിവെക്കട്ടെ എന്നും വ്യക്തമാക്കിയ ഐഷി ഘോഷ്, തങ്ങളെ സമരമുഖത്തുനിന്ന് തടയാൻ കഴിയില്ലെന്നും ജന്തർ മന്തറിലേക്ക് തന്നെ മാർച്ച് ചെയ്യുമെന്നും പ്രതികരിച്ചു.
ആയിരത്തോളം വരുന്ന പ്രവർത്തകരെ പോലീസ് ക്രൂരമായി മർദ്ദിക്കുകയാണെന്നും ഡൽഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം വിലയിരുത്തണമെന്നും അവർ തുറന്നടിച്ചു. സമരം തടയുന്നതിനായി പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത പോലീസ്, നൂറുകണക്കിന് ഇടത് സംഘടനാ പ്രവർത്തകരെ വലിച്ചിഴച്ചാണ് വാഹനങ്ങളിൽ കയറ്റിയത്.
സിജെപിക്കൊപ്പം ഐസ (AISA), എസ്എഫ്ഐ (SFI), എഐഎസ്എഫ് (AISF), എഎപിയുടെ വിദ്യാർത്ഥി സംഘടനയായ അസാപ് (ASAP) എന്നിവർ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കർഷക സംഘടനകളും ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്.





