കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടിയതിന് പിന്നാലെ, ഗുരുതരമായ വോട്ടുകൊള്ള ആരോപണങ്ങളുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്ത്. റെജിനഗർ മണ്ഡലത്തിൽ വോട്ടറല്ലാതിരുന്നിട്ടും ബിജെപി സ്ഥാനാർത്ഥി ശങ്കർവ് സർക്കാർ അവിടെ നിയമവിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, ഒരു ബൂത്തിലെ ആകെ വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതൽ വോട്ടുകൾ ബിജെപിക്ക് ലഭിച്ചതായി തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ശങ്കർവ് സർക്കാർ ബെർഹാംപുർ മണ്ഡലത്തിലെ 200-ാം ഭാഗത്തിലെ 788-ാം നമ്പർ വോട്ടറാണെന്നതിന്റെ തെളിവുകളും റെജിനഗറിൽ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ബംഗാൾ കോൺഗ്രസ് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. വോട്ട് ചോരിക്ക് തെളിവ് വേണോയെന്നും ഇത് കണ്ണുതുറന്നു കാണണമെന്നും കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
റെജിനഗറിലെ 109-ാം ബൂത്തിൽ ആകെ രജിസ്റ്റർ ചെയ്ത വോട്ടർമാർ 772 മാത്രമായിരിക്കെ ബിജെപിക്ക് ഇവിടെ 909 വോട്ടുകൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ടെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനർജി വ്യക്തമാക്കി. ഈ വോട്ടിങ് കണക്ക് വിശദീകരിക്കാൻ ഉത്തരകൊറിയ പോലും പ്രയാസപ്പെടുമെന്ന് പരിഹസിച്ച അദ്ദേഹം, ആകെ വോട്ടർമാരേക്കാൾ കൂടുതൽ വോട്ട് ഒരു പാർട്ടിക്ക് എങ്ങനെ കിട്ടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോട് വിശദീകരിക്കാനും ആവശ്യപ്പെട്ടു.





