ന്യൂഡൽഹി: കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി എന്നിവരെ കരുതൽ തടങ്കൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാതെ വാഹനത്തിലിരുത്തി നഗരം ചുറ്റിക്കുകയാണെന്ന് ഡൽഹി പോലീസിനെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് രംഗത്ത്. പിണറായി വിജയന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചിട്ടും പോലീസ് അത് ഗൗരവത്തിലെടുക്കാതെ പകപോക്കൽ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് നേതാക്കളെയും കസ്റ്റഡിയിലെടുത്ത് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കാതെ പോലീസ് നഗരത്തിലൂടെ വട്ടംകറക്കുകയായിരുന്നു. പിന്നീട് ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും പത്ത് മിനിറ്റിൽ താഴെ മാത്രമാണ് അവിടെ നിർത്തിയത്.
അവിടെനിന്നും നേതാക്കളെ ഇറക്കാതെ വീണ്ടും അജ്ഞാതമായ മറ്റൊരു സ്ഥലത്തേക്ക് വാഹനത്തിൽ കൊണ്ടുപോവുകയാണെന്നും എവിടെയെങ്കിലും ഇറക്കാൻ ആവശ്യപ്പെട്ടിട്ടും സാമാന്യ മര്യാദയില്ലാതെ പോലീസ് പ്രതികരിക്കുന്നില്ലെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു.





