ന്യൂഡൽഹി: ട്രെയിൻ, മെട്രോ സർവീസുകൾ തടസ്സപ്പെടുത്തിയതിന് പിന്നാലെ തലസ്ഥാന നഗരത്തിലേക്കുള്ള ബസ് ഗതാഗതവും കേന്ദ്ര സർക്കാർ തടഞ്ഞിരിക്കുകയാണെന്ന് മാധ്യമപ്രവർത്തകൻ എം. രാജഗോപാൽ. ഡൽഹി അതിർത്തികളിലേക്ക് എത്തുന്നതിന് 50 മുതൽ 80 കിലോമീറ്റർ അകലെവെച്ചുതന്നെ ബസുകൾ വഴിതിരിച്ചുവിടുന്ന നിലവിലെ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാവിലെ 7 മണിക്ക് ഡൽഹിയിൽനിന്ന് പൽവാളിലേക്കും കെഎംപി ഹൈവേയിലേക്കും യാത്ര ചെയ്തപ്പോൾ, രാവിലെ 7.30 മുതൽ 9.30 വരെയുള്ള രണ്ടു മണിക്കൂറിനിടെ ഡൽഹി ഭാഗത്തേക്ക് പോകുന്ന മൂന്ന് ബസുകൾ മാത്രമാണ് കാണാനായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്തർ മന്തറിലേക്ക് ഏകദേശം 75 കിലോമീറ്റർ ദൂരമുള്ള കെഎംപി ഹൈവേയിൽവെച്ച് ബസുകൾ കുണ്ഡ്ലിയിലേക്ക് തിരിച്ചുവിടുകയാണെന്ന് ഹരിയാന റോഡ്‌വേയ്സ് ജീവനക്കാർ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ബല്ലഭ്ഗഡ് ഉൾപ്പെടെയുള്ള സ്റ്റാൻഡുകളിൽ ജീവനക്കാർക്ക് ഡൽഹിയിലേക്കുള്ള ടിക്കറ്റ് വിൽക്കരുതെന്ന് നിർദ്ദേശമുണ്ട്. പൽവാളിന് അപ്പുറമുള്ള ഗഡ്പുരിയിലും ബല്ലഭ്ഗഡിന് സമീപവും ബാരിക്കേഡുകൾ തീർത്ത് ബസുകൾ പരിശോധിക്കുന്നതായി ബദർപുർ-പൽവാൾ പാതയിലെ ക്യാബ് ഡ്രൈവർമാർ പറഞ്ഞതായും, യാത്രാവകാശം തടഞ്ഞ് ജനങ്ങൾക്ക് ഡൽഹിയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.





