ഡൽഹി പൊലീസ് അകാരണമായും നിയമവിരുദ്ധമായും തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിജെപി ലീഗൽ ഹെഡ് രത്ന സിങ് സാകേത് ജില്ലാ കോടതിയിൽ ഹർജി നൽകി. ഉത്തരവാദികളായവർക്കെതിരെ എഫ്‌ഐആർ അല്ലെങ്കിൽ എൻസിആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ 175(3), 174 എന്നീ വകുപ്പുകൾ പ്രകാരമാണ് അഭിഭാഷക കൂടിയായ രത്ന സിങ് അപേക്ഷ സമർപ്പിച്ചത്.
സുപ്രീം കോടതിയിലെ അഭിഭാഷക പ്രതിഷേധത്തിൽ പങ്കെടുക്കാനായി രണ്ട് സഹപ്രവർത്തകർക്കൊപ്പം വീടിന് പുറത്ത് അഭിഭാഷക താര നരുളയുടെ കാറിൽ ഇരിക്കവേയാണ് യാത്ര തടസ്സപ്പെടുത്തിയത്. സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലും പിന്നിലും മറ്റ് രണ്ട് വാഹനങ്ങൾ നിർത്തിയിടുകയും കാറിന്റെ വാതിലുകൾക്കരികിൽ പോലീസുകാർ നിലയുറപ്പിക്കുകയും ചെയ്തു. ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തടയുന്നതെന്ന് ചോദിച്ചിട്ടും വ്യക്തമായ രേഖയോ വിശദീകരണമോ നൽകിയില്ലെന്നും ഹർജിയിൽ പറയുന്നു.
സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത് വഴി വ്യക്തിസ്വാതന്ത്ര്യവും സുരക്ഷയും അപകടത്തിലായെന്നും ജീവന് ഭീഷണിയുണ്ടെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു. രാവിലെ 10:02-ന് അഭിഭാഷകർ മുഖേന വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഔപചാരിക അപേക്ഷ നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. നിലവിലെ സ്ഥിതിഗതികൾ കോടതിക്ക് വീഡിയോ കോൺഫറൻസിങ് വഴി പരിശോധിക്കാമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.





