ന്യൂഡൽഹി: റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജനവിശ്വാസം വീണ്ടെടുക്കാനാവില്ലെന്നും, ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് കമ്മീഷൻ എത്രയും വേഗം മറുപടി നൽകുകയാണ് സംഘർഷമൊഴിവാക്കാൻ ആവശ്യമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഡൽഹിയിൽ സിജെപി സമരത്തെ അടിച്ചമർത്താൻ ഭരണകൂടം സ്വീകരിച്ച നടപടികളെ രൂക്ഷമായി വിമർശിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നഗരത്തിലുടനീളം 22,000 പോലീസുകാരെയും അർധസൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്. ഏതാനും നൂറ് മീറ്ററുകൾക്കിടയിൽ പരിശോധനാ കേന്ദ്രങ്ങളും കോൺക്രീറ്റ് ബാരിക്കേഡുകളും ടയറുകൾ തകർക്കുന്ന സ്പൈക്ക് സ്ട്രിപ്പുകളും സ്ഥാപിച്ചതിനൊപ്പം 250 ട്രെയിനുകൾ റദ്ദാക്കുകയും 45 മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തതായി തരൂർ ചൂണ്ടിക്കാട്ടി.
ഡൽഹിയിലും സമീപപ്രദേശങ്ങളിലും വീടുകളിൽ നിന്നും തെരുവുകളിൽ നിന്നും യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഒത്തുചേരാനുള്ള പൗരന്മാരുടെ അവകാശം തടയാനാണ് ഈ നടപടികളെന്നും, തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചത് അങ്ങേയറ്റം അടിച്ചമർത്തൽ സ്വഭാവമുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ജനാധിപത്യത്തിന്റെ ശക്തി വിലയിരുത്തപ്പെടുന്നത് ചോദ്യങ്ങൾ ചോദിക്കുന്നവരോട് അത് എങ്ങനെ പ്രതികരിക്കുന്നു എന്നതിലൂടെയാണെന്നും, ആ നിലയ്ക്ക് ഡൽഹിയിൽ കണ്ടത് തികച്ചും ലജ്ജാകരവും ന്യായീകരിക്കാനാവാത്തതുമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.





