ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാറിനെ നീക്കണമെന്നും ഇവിഎമ്മിന് പകരം പേപ്പർ ബാലറ്റ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതിയെ കണ്ട് രാജ്യത്തെ നിലവിലെ സാഹചര്യം ധരിപ്പിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
രാജ്യം കണ്ട ഏറ്റവും വലിയ ക്രിമിനൽ ഗൂഢാലോചനയാണ് ഇപ്പോൾ അരങ്ങേറിയിരിക്കുന്നതെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതിയോട് വ്യക്തമാക്കിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും വരുന്ന തിങ്കളാഴ്ച പൂർവ്വാധികം ശക്തിയോടെ പ്രക്ഷോഭരംഗത്ത് തിരിച്ചെത്തുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.





