ന്യൂഡൽഹി: ഡൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച പ്രഖ്യാപിച്ച ജന്തർ മന്തറിലെ കുത്തിയിരിപ്പ് സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി (CJP). ഒക്ടോബർ 2-ന് മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന പ്രക്ഷോഭത്തിന് പിന്നാലെ ഒക്ടോബർ 10-ന് ഡൽഹിയിൽ സമരം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രഖ്യാപിച്ചിരുന്നു. സിജെപിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടിയും (AAP) വിദ്യാർത്ഥി സംഘടനകളായ ഐസ (AISA), എസ്എഫ്ഐ (SFI), എഐഎസ്എഫ് (AISF) എന്നിവരും മാർച്ചിൽ അണിനിരക്കും.
ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യാൻ ഭരണകൂടത്തിന്റെ അനുമതി ആവശ്യമില്ലെന്നും സർക്കാരിനെതിരെ പ്രതിഷേധിക്കുമ്പോൾ അതേ സർക്കാരിനോട് എങ്ങനെയാണ് അനുമതി തേടുകയെന്നും സിജെപി സഹ കൺവീനർ സൗരവ് ദാസ് ചോദിച്ചു. ജന്തർ മന്തർ പ്രതിഷേധങ്ങൾക്കുള്ള വേദിയാണെന്നും സമരക്കാരുടെ സുരക്ഷ ഉറപ്പാക്കി ക്രമസമാധാനവും ഗതാഗതവും നിയന്ത്രിക്കുകയാണ് പോലീസിന്റെ കടമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാവിയിൽ തർക്കങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പ്രതിഷേധം സംബന്ധിച്ച് ഔദ്യോഗികമായി വിവരം നൽകിയതെന്നും സമരത്തിൽ പോലീസുമായി പൂർണ്ണമായി സഹകരിക്കുമെന്നും സൗരവ് ദാസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് സംഘടന.





