ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയതിന് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ എടുത്ത എഫ്ഐആറുകൾ കണ്ട് പ്രതിപക്ഷ സമരം നിലയ്ക്കില്ലെന്ന് സിപിഐ രാജ്യസഭാ എംപി പി. സന്തോഷ് കുമാർ. ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്താൽ അത് കൂടുതൽ തീവ്രമായ പോരാട്ടമായി (FIRE) മാറുമെന്നും ഇത്തരം നടപടികൾ കൊണ്ട് തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉന്നതമായ പദവിയിൽ തുടരാൻ ഗ്യാനേഷ് കുമാറിന് യാതൊരു അർഹതയുമില്ലെന്ന് സന്തോഷ് കുമാർ കുറ്റപ്പെടുത്തി. അദ്ദേഹം 'കള്ളൻ' തെരഞ്ഞെടുപ്പ് കമ്മീഷണറായി മാറിയെന്നും, ആ സ്ഥാനമൊഴിഞ്ഞ് പദവിയിൽ നിന്ന് ഉടൻ പുറത്തുപോകണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
തുടർപ്രക്ഷോഭ പരിപാടികൾ സംബന്ധിച്ച് 'ഇന്ത്യ' മുന്നണി നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് അറിയിച്ച അദ്ദേഹം, മുന്നണിയുടെ തന്ത്രങ്ങൾ മുൻകൂട്ടി പരസ്യപ്പെടുത്തില്ലെന്നും വ്യക്തമാക്കി. തന്ത്രങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





