ന്യൂഡൽഹി: വോട്ടുചോർച്ചാ ആരോപണങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിലും പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധികാര ഗർവിനും അപ്രമാദിത്വത്തിനും പിന്നിൽ ആരുടെ സംരക്ഷണമാണെന്ന് ചോദ്യം ചെയ്ത് ആർജെഡി എംപി മനോജ് ഝാ. ആർക്കും തൊടാനാകാത്ത വിധമുള്ള ഈ പ്രത്യേക സംരക്ഷണം എവിടെ നിന്നാണ് ലഭിച്ചതെന്നും എന്തിനാണ് അദ്ദേഹത്തിന് അത് നൽകിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായ സത്യസന്ധതയില്ലായ്മ അവർ തുറന്നു സമ്മതിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് മനോജ് ഝാ ചൂണ്ടിക്കാട്ടി. താനും മറ്റ് പ്രതിപക്ഷ നേതാക്കളും ചേർന്ന് നൂറുകണക്കിന് കത്തുകൾ അയച്ചിട്ടും അതിന് കൈപ്പറ്റ് രസീത് പോലും നൽകാത്ത സമീപനമാണ് കമ്മീഷൻ സ്വീകരിച്ചത്.
നേരിട്ടുള്ള ചർച്ചകളിലും കൂടിക്കാഴ്ചകളിലും കമ്മീഷണറുടെ ധാർഷ്ട്യം നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, കമ്മീഷന്റെ ഭരണസംവിധാനം തന്നെ തകർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.





