ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിപക്ഷ മാർച്ചിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വാദ്രയ്ക്കുമെതിരെ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയെ തള്ളി ആർജെഡി എംപി മനോജ് ഝാ. ലക്ഷക്കണക്കിന് കേസുകൾ എടുത്താലും പ്രതിപക്ഷത്തെ തളർത്താനാകില്ലെന്നും, അധികാരത്തിൽ നിന്ന് ഈ ഭരണകൂടം വളരെ ദയനീയമായി പുറത്തുപോകാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രതിപക്ഷ മാർച്ചിൽ പങ്കെടുത്ത നേതാക്കളും പ്രവർത്തകരും ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചാണ് ഡൽഹി പോലീസ് രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസെടുത്തത്. ഭരണകൂടത്തിന്റെ ഇത്തരം ഭീഷണികൾ ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് മനോജ് ഝാ വ്യക്തമാക്കി.





