ന്യൂഡൽഹി: 'വോട്ടുചോർച്ച' ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ്. തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തമ്മിലുള്ള ഭിന്നതകളിലേക്ക് നയിച്ച ഫോം 6-ലെ മാറ്റങ്ങളും കമ്മീഷനെ സ്വാധീനിക്കാനുള്ള നീക്കങ്ങളും ഗ്യാനേഷ് കുമാർ ചെയ്ത രാജ്യദ്രോഹത്തിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ തിരിമറികളെ രാഹുൽ ഗാന്ധിയും ഇതേ രീതിയിലാണ് വിലയിരുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലാത്തവരും പോരാട്ട ചരിത്രമില്ലാത്തവരുമായ ആളുകൾ ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെയും മതനിരപേക്ഷതയെയും തകർക്കാൻ ശ്രമിക്കുകയാണെന്ന് ഹരിപ്രസാദ് ആരോപിച്ചു. കഠിനാധ്വാനത്തിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങളെല്ലാം ഇല്ലാതാക്കാനാണ് ഇക്കൂട്ടർ നീക്കം നടത്തുന്നതെന്നും 'ഇന്ത്യ' മുന്നണിയുടെ പ്രതിഷേധ മാർച്ചിനിടെ അദ്ദേഹം വ്യക്തമാക്കി.





