ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്ച നടത്താനുള്ള കോൺഗ്രസ് നീക്കത്തെ ശക്തമായി വിമർശിച്ച് എ.എ. റഹീം എംപി. ചൊവ്വാഴ്ച നടന്ന സമരത്തിനിടെ കമ്മീഷണറെ കാണാൻ പോകുന്നതിനെക്കുറിച്ച് യാതൊരു ആശയവിനിമയവും നടത്തിയിരുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, പ്രതിഷേധ മാർച്ച് മാത്രം നടത്തേണ്ടയിടത്ത് രാജ്യത്തെ ജനാധിപത്യം തകർത്ത കുറ്റവാളിയെ സന്ദർശിക്കുന്നതിൽ എന്ത് ഔചിത്യമാണുള്ളതെന്നും ചോദിച്ചു.
പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ രാജ്യസഭാ സെക്രട്ടേറിയറ്റിൽ അവകാശലംഘന നോട്ടീസ് നൽകുമെന്നും റഹീം വ്യക്തമാക്കി. എംപിമാരായ പി. സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവർക്കൊപ്പമാകും നോട്ടീസ് സമർപ്പിക്കുക.
പോലീസ് തങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തതെന്നും വളരെ മോശമായാണ് പെരുമാറിയതെന്നും റഹീം ആരോപിച്ചു. പ്രതിഷേധ മേഖലയിൽ എന്തിനാണ് അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചതെന്നും അദ്ദേഹം ചോദിച്ചു.





