തൂത്തുക്കുടി: സംസ്ഥാനപാതയിലെ ദിശാസൂചനാ ബോർഡിൽ സ്ഥലപ്പേരുകൾ ഹിന്ദി ഭാഷയിൽ രേഖപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. ഹൈവേ വകുപ്പിലെ ദേശീയപാതാ വിഭാഗത്തിൽപ്പെട്ട രണ്ട് എൻജിനീയർമാരെ വെള്ളിയാഴ്ച സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ആഴ്‌വാർതിരുനഗരി-വള്ളിയൂർ സംസ്ഥാനപാത 93-ൽ സ്ഥാപിച്ചിരുന്ന ബോർഡിലാണ് ഹിന്ദി അക്ഷരങ്ങളിൽ സ്ഥലപ്പേര് ഉൾപ്പെടുത്തിയിരുന്നത്.
വിവാദം ഉയർന്നതിന് പിന്നാലെ പ്രസ്തുത ബോർഡിൽ എഴുതിയിരുന്ന ഹിന്ദി വാക്കുകൾ അധികൃതർ മായ്ച്ചുകളഞ്ഞു. തമിഴ്‌നാടിന്റെ പ്രഖ്യാപിത ദ്വിഭാഷാ നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ഹൈവേ വകുപ്പിലെ രണ്ട് എൻജിനീയർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നും, ഭാഷാ നയം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ (ഡിഐപിആർ) വാർത്താക്കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.
നേരത്തെ 2017-ൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) സൂചനാ ബോർഡുകളിൽ ഹിന്ദി ഉൾപ്പെടുത്താൻ തുനിഞ്ഞത് സംസ്ഥാനവ്യാപകമായി കനത്ത പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് തമിഴ്, ഇംഗ്ലീഷ് ഭാഷകൾ മാത്രം ബോർഡുകളിൽ നിലനിർത്തുന്ന രീതിയാണ് തുടർന്നുപോന്നിരുന്നത്. എന്നാൽ, സംസ്ഥാനപാതാ വിഭാഗവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ദേശീയപാതാ വിഭാഗം സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വിനിയോഗിച്ച് സാത്താൻകുളം വഴിയുള്ള റോഡ് നവീകരിച്ചിരുന്നു. പണി പൂർത്തിയായതിനെത്തുടർന്ന് തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകൾ ഉൾപ്പെടുത്തിയാണ് എൻഎച്ച് വിഭാഗം പുതിയ സൈൻ ബോർഡ് സ്ഥാപിച്ചത്. ഇത്തരത്തിൽ ഹിന്ദി ഉപയോഗിച്ച വിവരം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ഇത് വലിയ തോതിൽ ചർച്ചയായി.
സൂചനാ ബോർഡിലെ ഹിന്ദി ഉപയോഗത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നടപടികൾക്ക് തമിഴ്നാട് സർക്കാർ വഴങ്ങിക്കൊടുക്കുകയാണെന്ന് വ്യക്തമായതായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചു. ദ്വിഭാഷാ നയം തമിഴ്‌നാടിന്റെ മാറ്റമില്ലാത്ത നയമാണെന്നും അതുവെച്ച് പരീക്ഷണങ്ങൾക്ക് മുതിരരുതെന്നും അദ്ദേഹം ടിവികെ സർക്കാരിന് മുന്നറിയിപ്പ് നൽകി. 1968 മുതൽ സംസ്ഥാനത്ത് ദ്വിഭാഷാ നയം കർശനമായി നടപ്പിലാക്കിവരുന്ന തമിഴ്നാട്, കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലുകൾക്കെതിരെ എക്കാലവും ശക്തമായ പ്രതിരോധമാണ് ഉയർത്തിയിട്ടുള്ളത്.





