മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ട് മുൻപ് നടത്തിയ 'നീ പോ മോനെ വിജയാ' എന്ന വിവാദ പരാമർശം വീണ്ടും പരസ്യമായി ആവർത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കേരളത്തിലെത്തിയ ഘട്ടത്തിൽ താൻ പറഞ്ഞ അതേ മലയാളം വാചകം ഓർമ്മിപ്പിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നിലമ്പൂരിൽ സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രേവന്ത് റെഡ്ഡി ഈ പരാമർശം നടത്തിയത്.
നരേന്ദ്ര മോദി ജനാധിപത്യ മൂല്യങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണസംവിധാനങ്ങളെ ജനാധിപത്യത്തിന് വിരുദ്ധമായി എങ്ങനെ വിനിയോഗിക്കാമെന്നാണ് ബിജെപി നിരന്തരം ആലോചിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്ത് വർഷകാലം ആരംഭിക്കുന്നത് കേരളത്തിൽ നിന്നാണ്. പഴയകാല ചരിത്രം പരിശോധിച്ചാൽ കേരളം കോൺഗ്രസിനെ പിന്തുണച്ച ഘട്ടങ്ങളിലെല്ലാം ഡൽഹിയിലും കോൺഗ്രസ് ഭരണത്തിലേറിയിട്ടുണ്ടെന്ന് കെ. കരുണാകരന്റെ കാലഘട്ടം ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു. പിണറായി വിജയൻ കേരളത്തിൽ മുഖ്യമന്ത്രിയായ സമയത്താണ് നരേന്ദ്ര മോദി കേന്ദ്രത്തിൽ പ്രധാനമന്ത്രിയായത്. ഇപ്പോൾ സംസ്ഥാനത്ത് ആശ്വാസകരമായ കുളിർകാറ്റ് വീശാൻ തുടങ്ങിയിരിക്കുന്നു; ആ കാറ്റ് ശക്തമായി വീശിയടിച്ചാണ് കേരളത്തിൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. ഇനി അതൊരു കൊടുങ്കാറ്റായി മാറി കോൺഗ്രസിന് കേന്ദ്രഭരണത്തിലേക്കുള്ള വഴിയൊരുക്കുമെന്നും രേവന്ത് റെഡ്ഡി പ്രത്യാശ പ്രകടിപ്പിച്ചു.
നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്പത്തെല്ലാം കൊള്ളയടിക്കുകയാണെന്നും യുവതലമുറയുടെ ഭാവിയാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യ വ്യവസ്ഥയെയും കൂട്ടായ്മകളെയും ബിജെപി തകർക്കുകയാണ്. കേരളത്തിൽ നിന്നാണ് കോൺഗ്രസ് പുതിയ തുടക്കം കുറിക്കുന്നത്. ഇതൊരു രാഷ്ട്രീയ സുനാമിയാക്കി മാറ്റി കേന്ദ്രത്തിൽ അധികാരം പിടിച്ചെടുക്കണം. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പാർലമെന്റിലേക്ക് വിജയിപ്പിച്ചുവിട്ട കേരളത്തോട് തനിക്ക് പ്രത്യേക താല്പര്യവും സ്നേഹവുമുണ്ട്. രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിൽ കാണുകയെന്നതാണ് തന്റെ പ്രധാന സ്വപ്നം. നിലവിൽ രാജ്യം വലിയൊരു ഭരണമാറ്റത്തിനായി കൊതിക്കുകയാണ്. വർഗീയ ശക്തികളിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂ. ഇപ്പോൾ രാജ്യത്ത് അരങ്ങേറുന്നത് ഗാന്ധി പരിവാറും സംഘപരിവാറും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്നും നാടിനെ സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും ഒപ്പം നിൽക്കണമെന്നും രേവന്ത് റെഡ്ഡി ആഹ്വാനം ചെയ്തു.





