ചെന്നൈ: വ്യവസായി ആർ. വീരമണി പ്രതിയായ ലൈംഗിക പീഡന കേസിൽ ഡിഎംകെ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി ടിവികെ നേതാവ് വിജയ്. ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും പാർട്ടിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിജയ് ഉന്നയിച്ചത്. മുൻ ഡിഎംകെ സർക്കാരിന്റെ ഭരണകാലത്ത് തന്നെ ഇതുസംബന്ധിച്ച് കൃത്യമായ പരാതി ലഭിച്ചിരുന്നുവെങ്കിലും കേസിന്റെ വിവരങ്ങൾ ആ സർക്കാർ ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒക്ടോബർ 6-ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയിൽ സംസാരിക്കവെയായിരുന്നു വിജയിന്റെ പ്രതികരണം.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെം ഗ്രാനൈറ്റ്സ് ചെയർമാൻ ആർ. വീരമണി, ഇയാൾക്കൊപ്പം പിടിയിലായ ശാന്തി, ഭർത്താവ് മഹേന്ദ്ര സിംഹൻ എന്നിവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ കഴിഞ്ഞ ഓഗസ്റ്റിലാണ് വീരമണിയെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻപ് ഡിഎംകെ അധികാരത്തിലിരിക്കെ 2025 ഒക്ടോബറിലായിരുന്നു പോലീസ് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവ് ഹാജരാക്കി ഒരു ബാലാവകാശ പ്രവർത്തകൻ ആന്റി വൈസ് സ്ക്വാഡിനെ സമീപിച്ചതിനെ തുടർന്നായിരുന്നു അന്നത്തെ നിയമനടപടികൾ.
"സ്റ്റാലിൻ സാർ, വായ തുറക്കൂ, എന്തായിരുന്നു നിങ്ങളുടെ ഒത്തുതീർപ്പ്? എഐഎഡിഎംകെയും ഈ വിഷയത്തിൽ നിശ്ശബ്ദത പാലിക്കുകയാണ്. ഇവിടെയും ഇവർ തമ്മിൽ എന്തെങ്കിലും ഒത്തുകളിയുണ്ടായോ?" എന്ന് വിജയ് തുറന്നടിച്ചു. സ്വന്തം മാതാവിനെതിരെ മോശമായ പരാമർശങ്ങൾ ഉയർന്നപ്പോൾ പോലും താൻ ക്ഷമയോടെ സഹിച്ചു; എന്നാൽ തമിഴ്നാട്ടിലെ സഹോദരിമാർക്കും അമ്മമാർക്കുമെതിരെ അശ്ലീലമായ പരാമർശങ്ങൾ നടത്തുന്നത് ഒരിക്കലും നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് വീരമണിക്കെതിരെ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഡിഎംകെ ഭരണത്തിൻ കീഴിൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. വ്യക്തമായ തെളിവുകളില്ലെന്ന് കാണിച്ച് അന്ന് കേസ് അവസാനിപ്പിക്കാനുള്ള അന്തിമ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ടിവികെ സർക്കാർ അധികാരത്തിലെത്തിയതോടെ, കേസ് ക്ലോസ് ചെയ്യാനുള്ള പോലീസിന്റെ റിപ്പോർട്ട് തള്ളിയ പ്രത്യേക പോക്സോ കോടതി വിശദമായ തുടരന്വേഷണത്തിന് നിർദ്ദേശം നൽകി. ഇതേത്തുടർന്നാണ് ആരോപണവിധേയനായ വീരമണിയെ പോലീസ് പിടികൂടിയത്. തുടർന്ന് വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്ന അതിജീവിതയെ കണ്ടെത്തുകയും മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തതായി പോലീസ് സംഘം അറിയിച്ചിട്ടുണ്ട്.





