ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സംഘടിപ്പിച്ച പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് നടപടിയെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സമാധാനപരമായ രീതിയിൽ പ്രതിഷേധിച്ച പാർലമെന്റ് അംഗങ്ങളെയും വിദ്യാർത്ഥി-യുവജന പ്രവർത്തകരെയും റോഡിലൂടെ വലിച്ചിഴയ്ക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അധികാരവും കയ്യൂക്കും കാണിച്ച് ഈ ജനകീയ സമരത്തെ ഇല്ലാതാക്കാമെന്ന് നരേന്ദ്ര മോദിയും അമിത് ഷായും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അവർക്ക് കണക്കുകൂട്ടലുകൾ പിഴച്ചുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പവിത്രതയും വിശ്വാസ്യതയും കളങ്കപ്പെടുത്തിയ ഗ്യാനേഷ് കുമാറിനെ ഉടനടി സ്ഥാനത്തുനിന്ന് പുറത്താക്കണം. വിയോജിപ്പുകളെ ക്രൂരമായി അടിച്ചമർത്തുന്നതിലൂടെ ഗ്യാനേഷ് കുമാറിന് എളുപ്പത്തിൽ ഊരിപ്പോരാൻ കഴിയില്ലെന്നും എം.എ. ബേബി എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സിപിഐഎം രാജ്യസഭാ എംപിമാരായ എ.എ. റഹീം, വി. ശിവദാസൻ, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി എന്നിവരുൾപ്പെടെയുള്ള പ്രമുഖരെയാണ് ഡൽഹി പോലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ചത്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന്റെ രണ്ടാം നമ്പർ ഗേറ്റിന് സമീപമായിരുന്നു എംപിമാരും ഇടത് യുവജന സംഘടനാ നേതാക്കളും അണിനിരന്നത്. പ്രതിഷേധം ആരംഭിച്ച് അഞ്ച് മിനിറ്റ് തികയും മുൻപ് തന്നെ പോലീസ് സംഘം ഇരച്ചെത്തുകയും എ.എ. റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത് നീക്കുകയുമായിരുന്നു.
ഇതാണ് സമകാലിക ഇന്ത്യയിലെ ജനാധിപത്യത്തിന്റെ യഥാർത്ഥ മുഖമെന്നായിരുന്നു പോലീസ് ബലപ്രയോഗത്തിനിടെ എ.എ. റഹീം എംപി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അവർ എങ്ങനെയാണ് തകർത്തെറിയുന്നത് എന്നതിന്റെ തെളിവാണ് ഗ്യാനേഷ് കുമാറിന്റെ ഇടപെടലുകൾ. അവർ ഗ്യാനേഷ് കുമാറിന് പൂർണ്ണ സംരക്ഷണം ഒരുക്കുമ്പോൾ, അതിനെതിരെ സമരം ചെയ്ത തങ്ങളെ പോലീസ് മൃഗീയമായി ആക്രമിക്കുകയാണ്. ഒരു പാർലമെന്റ് അംഗത്തിന് നൽകേണ്ട മിനിമം പരിഗണന പോലും തനിക്ക് നൽകാതെയാണ് റോഡിലൂടെ വലിച്ചിഴച്ചതെന്നും, ഇത്തരം പോലീസ് അതിക്രമങ്ങൾ കൊണ്ട് പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഗ്യാനേഷ് കുമാർ പദവി ഒഴിയണമെന്ന ആവശ്യം ഉന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. തലസ്ഥാനത്തെ ജന്തർ മന്ദിറിൽ ഐസയുടെ ആഭിമുഖ്യത്തിൽ വൻ പ്രക്ഷോഭം നടന്നു. വലിയ തോതിലാണ് ജന്തർ മന്ദിറിലേക്ക് പ്രവർത്തകർ എത്തിയത്. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഐസ നേതാവ് നേഹ ബോറയെയും പോലീസ് പിടികൂടി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസും ശക്തമായ സമരവുമായി രംഗത്തിറങ്ങി. അസം, മണിപ്പൂർ, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് പ്രക്ഷോഭം നയിച്ചത്. അസമിൽ നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസിന്റെ ലോക്സഭാംഗം ഗൗരവ് ഗോഗോയിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.





