ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പോരാട്ടം ശക്തമാക്കുന്നതിനായി പ്രതിപക്ഷ പാർട്ടികൾക്ക് കത്തയച്ച് സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വഴിവിട്ട നടപടികൾക്കെതിരെ വിശാലമായ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഇന്ത്യാ സഖ്യത്തോട് നിലവിൽ അകലം പാലിച്ചുനിൽക്കുന്ന ഡിഎംകെ, ആം ആദ്മി പാർട്ടി (എഎപി), ബിജെഡി, ബിആർഎസ് തുടങ്ങിയ കക്ഷികൾക്കാണ് കത്ത് കൈമാറിയിരിക്കുന്നത്. പരസ്പരമുള്ള ഭിന്നതകൾ മാറ്റിവെച്ച് പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നാണ് പാർട്ടിയുടെ ആഹ്വാനം. അടിയന്തരമായി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുചേർത്ത് നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യണമെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. വിഷയത്തിൽ ടിവികെ, സിജെപി എന്നീ കക്ഷികൾക്ക് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി നേരിട്ട് കത്തയച്ചിട്ടുണ്ട്.
ഇതിനിടെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള സജീവ നീക്കങ്ങളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തിറങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര തർക്കങ്ങൾ പുറത്തുവന്നതിന് പിന്നാലെ അവർ രാഹുൽ ഗാന്ധിയെ ടെലിഫോണിൽ ബന്ധപ്പെട്ടു. അടിയന്തരമായി ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗം ചേരണമെന്ന് മമത രാഹുലിനോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്ചയോടെ സഖ്യകക്ഷി നേതാക്കൾ യോഗം ചേരുമെന്നാണ് സൂചന. ഈ യോഗത്തിൽ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയേക്കും. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായും മമത ഫോണിൽ ആശയവിനിമയം നടത്തി. ഓരോ പാർട്ടികളും പ്രത്യേകം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടയിലാണ് യോജിച്ച നീക്കത്തിനുള്ള സാധ്യതകൾ തെളിയുന്നത്.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കും. ശനിയാഴ്ചയ്ക്കകം ഗ്യാനേഷ് കുമാർ രാജിവെച്ചൊഴിഞ്ഞില്ലെങ്കിൽ രാജ്യമൊട്ടാകെ ശക്തമായ സമരം ആരംഭിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകിയിരുന്നു. മുംബൈയിൽ ആരംഭിക്കുന്ന പ്രക്ഷോഭം തുടർന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയാണ് സമര ആഹ്വാനം നടത്തിയത്. ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ നിലപാട് കടുപ്പിക്കുമ്പോൾ മറുവശത്ത് എൻഡിഎ മുന്നണിയിലും ഭിന്നത രൂക്ഷമായിട്ടുണ്ട്.
വിഷയത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധിക്കുമ്പോൾ, ഉയർന്നുവന്ന വിവാദങ്ങളിൽ കമ്മീഷൻ വിശദീകരണം നൽകണമെന്ന് എൻഡിഎ ഘടകകക്ഷികൾ തന്നെ ആവശ്യമുന്നയിച്ചു. തെലുഗു ദേശം പാർട്ടി, ലോക് ജനശക്തി പാർട്ടി, രാഷ്ട്രീയ ലോക് മോർച്ച തുടങ്ങിയ പാർട്ടികളിലെ നേതാക്കളാണ് നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരമപ്രധാനമായ ചുമതലകളിൽ മറ്റ് രണ്ട് കമ്മീഷണർമാർ ഔദ്യോഗികമായി ആക്ഷേപങ്ങൾ ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. പുതിയ വോട്ടർമാരെ ചേർക്കൽ, വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റലും തിരിച്ചുകൊണ്ടുവരലും, എസ്.ഐ.ആർ വഴി പേരുകൾ ഉൾപ്പെടുത്തിയതിനെതിരെയുള്ള അപ്പീലുകൾ തീർപ്പാക്കൽ, വോട്ടർപട്ടികയുടെ സുരക്ഷയും സംരക്ഷണവും എന്നീ വിഷയങ്ങളിൽ ഇവർ കർശന വിയോജിപ്പുകൾ രേഖപ്പെടുത്തിയിരുന്നു. ഇവ സംബന്ധിച്ച വിയോജനക്കുറിപ്പുകൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴിലുള്ള ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർമാർക്കും കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഈ രണ്ട് കമ്മീഷണർമാരുടെ രേഖാമൂലമുള്ള നിർദ്ദേശങ്ങളെ പാടേ തള്ളിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോയതെന്നാണ് പ്രധാന ആക്ഷേപം.





