ചെന്നൈ: വ്യവസായി ആർ. വീരമണി ഉൾപ്പെട്ട പോക്സോ കേസിൽ കൃത്യസമയത്ത് നിയമനടപടികൾ സ്വീകരിക്കാതിരുന്ന രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ തമിഴ്‌നാട് സർക്കാരിന്റെ കർശന നടപടി. മുൻ ചെന്നൈ പോലീസ് കമ്മീഷണർ എ. അരുൺ, അഡീഷണൽ കമ്മീഷണറായിരുന്ന എൻ. കണ്ണൻ എന്നിവരെയാണ് നിലവിലെ സുപ്രധാന ചുമതലകളിൽ നിന്നും നീക്കം ചെയ്തത്. പോലീസ് അക്കാദമി എഡിജിപിയായി ചുമതല വഹിച്ചിരുന്ന അരുണിനും കോയമ്പത്തൂർ പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന കണ്ണനും പകരം പുതിയ പദവികളൊന്നും നൽകാതെയാണ് സർക്കാരിന്റെ ഈ നടപടി.
ഇരുവരെയും മാറ്റിയതിനുള്ള ഔദ്യോഗിക കാരണം ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ല. എന്നാൽ, 2024 നവംബറിൽ കണ്ണൻ ചെന്നൈ അഡീഷണൽ കമ്മീഷണറായിരിക്കെ വീരമണിയുടെ പീഡനവിവരങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി എസ്.സി വിഭാഗം നേതാവ് രഞ്ജൻ കുമാർ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ കമ്മീഷണർ അരുണുമായി ചർച്ച ചെയ്ത ശേഷം പരാതിയിൽ തീരുമാനമെടുക്കാമെന്ന് കണ്ണൻ തന്നോട് വ്യക്തമാക്കിയതായും രഞ്ജൻ കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നിർണ്ണായക ഇടപെടൽ.
2025 ഒക്ടോബറിൽ അണ്ണാനഗറിലെ ഒരു സന്നദ്ധസംഘടനാ (എൻജിഒ) പ്രവർത്തകയ്ക്ക് വീരമണി കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈമാറിയതിനെത്തുടർന്ന് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോക്സോ നിയമപ്രകാരം കേസ് എടുത്തു. എന്നാൽ വീഡിയോയ്ക്ക് വ്യക്തതയില്ലെന്നും ഇരകളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി 2026 ഫെബ്രുവരിയിൽ കേസ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. എന്നാൽ പോക്സോ പ്രത്യേക കോടതി ഈ റിപ്പോർട്ട് തള്ളുകയും തുടരന്വേഷണത്തിന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് ജൂലൈയിൽ പുനരാരംഭിച്ച അന്വേഷണത്തിലാണ് കൂടുതൽ പീഡന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.
പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെയാണ് വീരമണി ക്രൂരമായി പീഡിപ്പിച്ചത്. ഇരകളായ കുട്ടികൾ 12-നും 15-നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിനകം എട്ട് പെൺകുട്ടികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വീരമണിയുടെ സഹായി മഹേന്ദ്ര സിംഹനും ഭാര്യ ശാന്തിയും ചേർന്നാണ് പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത്. ആഡംബര ബംഗ്ലാവിലും സ്വന്തം വസതിയിലും വെച്ചായിരുന്നു പീഡനം നടത്തിയത്. കേസ് ഒതുക്കിത്തീർക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് 70 കോടി രൂപ കൈക്കൂലിയായി നൽകിയെന്നും, പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകി പെൺകുട്ടികളെ വശത്താക്കുകയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.





