ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത ആഭ്യന്തര ഭിന്നതയുണ്ടെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ വിമർശനങ്ങൾ ആളിക്കത്തുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം പൂർണ്ണമായും തള്ളി ബി.ജെ.പി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ വാദങ്ങൾ തികച്ചും തെറ്റാണെന്ന് വ്യക്തമാക്കിയ പാർട്ടി, അടിസ്ഥാനരഹിതമായ വോട്ട് കൊള്ള ആരോപണങ്ങളിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, കമ്മീഷനിലെ ഭിന്നത സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം കടന്നാക്രമണം ശക്തമാക്കിയിരിക്കുകയാണ്. വിഷയത്തിൽ പ്രധാനമന്ത്രി ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. ബി.ജെ.പിയും ആർ.എസ്.എസും തെരഞ്ഞെടുപ്പ് കമ്മീഷനും പരസ്പരം ഒത്തുചേർന്ന് നടത്തിയത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ തലപ്പത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡൽഹിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഗ്യാനേഷ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ജയിലിലടയ്ക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം ഇന്ത്യയുടെ ശത്രുവാണെന്നായിരുന്നു കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതികരണം. പശ്ചിമ ബംഗാളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് മമതാ ബാനർജി നിലപാടെടുത്തു. വിവാദ വിഷയത്തിൽ ഭാവി പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ 'ഇന്ത്യ' സഖ്യം ഉടൻ തന്നെ യോഗം ചേർന്നേക്കും.





