മുംബൈ: ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഓഗസ്റ്റ് മാസത്തിൽ 6.34 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം യാത്രക്കാരുടെ ആകെ എണ്ണം 121.26 ലക്ഷത്തിലേക്ക് താഴ്ന്നു. മുൻവർഷം (2025) ഓഗസ്റ്റിൽ രാജ്യത്തെ എല്ലാ എയർലൈനുകളിലുമായി ആകെ 129.47 ലക്ഷം പേർ യാത്ര ചെയ്തിരുന്ന സ്ഥാനത്താണിത്.
2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ രാജ്യത്തെ വിമാനക്കമ്പനികൾ ആകെ 1,105.30 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. മുൻ വർഷത്തെ ഇതേ എട്ടു മാസങ്ങളിൽ ഇത് 1,107.26 ലക്ഷമായിരുന്നുവെന്നും ഡി.ജി.സി.എ അറിയിച്ചു.
വിപണി വിഹിതത്തിൽ ഇൻഡിഗോയ്ക്ക് തിരിച്ചടിയുണ്ടായി; ജൂലൈയിലെ 67.4 ശതമാനത്തിൽ നിന്ന് 2.4 ശതമാനം ഇടിഞ്ഞ് ഓഗസ്റ്റിൽ 65 ശതമാനത്തിലേക്ക് താഴ്ന്നു. സ്പൈസ് ജെറ്റിന്റെ പങ്കാളിത്തം ജൂലൈയിലെ 1.6 ശതമാനത്തിൽ നിന്ന് 1.2 ശതമാനമായി ചുരുങ്ങി. എന്നാൽ, എയർ ഇന്ത്യ ഗ്രൂപ്പ് വിപണിയിൽ മുന്നേറ്റം കാഴ്ചവെച്ചു; ജൂലൈയെക്കാൾ 2.7 ശതമാനം വർദ്ധനവോടെ ഓഗസ്റ്റിൽ ഇവരുടെ വിഹിതം 26.7 ശതമാനമായി ഉയർന്നു.
ജൂലൈ മാസത്തിലെ കണക്കുകളുമായി തുലനം ചെയ്യുമ്പോൾ ആകാശ എയറിന്റെ വിപണി വിഹിതത്തിൽ യാതൊരു മാറ്റവുമില്ലാതെ സ്ഥിരത പുലർത്തി. രാജ്യത്തെ 10 പ്രധാന വിമാനത്താവളങ്ങളിലെ കൃത്യസമയ പാലനത്തിൽ (ഓൺ-ടൈം പെർഫോമൻസ് - ഒ.ടി.പി) 91.5 ശതമാനം നേടി ഇൻഡിഗോ ഒന്നാമതെത്തി. 90.5 ശതമാനവുമായി ആകാശ എയർ രണ്ടാം സ്ഥാനത്തും 83.9 ശതമാനവുമായി എയർ ഇന്ത്യ ഗ്രൂപ്പ് മൂന്നാം സ്ഥാനത്തുമുണ്ട്.





