ഡൽഹി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസ് ചോറ്റാനിക്കര കോടതിയിൽ നിന്നും വയനാട്ടിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. വനംവകുപ്പിന്റെ പ്രധാന കേസ് പരിഗണിക്കുന്ന അതേ കോടതിയിൽത്തന്നെ ഈ വഞ്ചനാ കേസും വിചാരണ ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
മരംമുറിയിലെ വഞ്ചനാ കേസ് നടപടികൾക്കെതിരെ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. നിലവിൽ ചോറ്റാനിക്കര കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ഇതോടെ ബത്തേരി കോടതിയിലേക്ക് മാറ്റപ്പെടും. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന വിവരം സർക്കാർ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അന്തിമ റിപ്പോർട്ട് വരുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ തുടർനടപടികൾ മരവിപ്പിക്കണമെന്നായിരുന്നു പ്രതികളുടെ പ്രധാന വാദമെങ്കിലും, ഈ മാസം 17-ന് തന്നെ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതേത്തുടർന്നാണ് വിചാരണ ഒരുമിച്ച് നടത്തുന്നതിനായി കേസ് വയനാട്ടിലേക്ക് മാറ്റാൻ പരമോന്നത കോടതി ഉത്തരവിട്ടത്.





