ദിസ്പുർ: വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ നാഗോണിൽ കോൺഗ്രസ് പ്രമുഖർ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമം. മുതിർന്ന നേതാക്കളായ ഭൂപേഷ് ബാഗൽ, ഗൗരവ് ഗോഗോയ് എന്നിവർ സഞ്ചരിച്ച കാറിന് നേരെ സാമൂഹ്യവിരുദ്ധർ കല്ലുകളും കുപ്പികളും വലിച്ചെറിയുകയായിരുന്നു. അക്രമ സംഭവങ്ങൾ നേരിൽ കണ്ടിട്ടും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് കോൺഗ്രസ് നേതൃത്വം രൂക്ഷമായി കുറ്റപ്പെടുത്തി. ഭരണകക്ഷിയുടെ താല്പര്യങ്ങൾക്ക് വഴങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ വെറുമൊരു കാഴ്ചക്കാരനായി മാറിയിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുറന്നടിച്ചു.
നാഗോണിൽ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംബന്ധിക്കാനെത്തിയതായിരുന്നു കോൺഗ്രസ് നേതാക്കൾ. സാമഗുരിയിൽ നിന്നും ലോരിമുഖം ഭാഗത്തേക്ക് യാത്ര ചെയ്യവേ ബോർമ മേഖലയിൽ വെച്ചാണ് വാഹനത്തിന് നേരെ അക്രമണം ഉണ്ടായത്. യാത്രാമധ്യേ വാഹനവ്യൂഹത്തിന് അടുത്തേക്ക് ചാടിവീണ ബി.ജെ.പി അനുകൂല പ്രവർത്തകർ കരിങ്കൊടി കാട്ടുകയും കോൺഗ്രസ് നേതാക്കൾക്കെതിരെ 'ഗോ ബാക്ക്' മുഴക്കി പ്രതിഷേധിക്കുകയും ചെയ്തതായി നേതാക്കൾ വെളിപ്പെടുത്തി. നാഗോൺ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന കോൺഗ്രസ് സ്ഥാനാർത്ഥി സിബാമോണി ബോറയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് നേതാക്കൾ അസമിൽ എത്തിയത്. വരുന്ന ഒക്ടോബർ ആറിനാണ് ഈ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
അക്രമത്തിൽ നേതാക്കൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും കാറിന്റെ ചില്ലുകൾ പൂർണ്ണമായി തകർന്നു. പോലീസിന്റെ കൺമുന്നിൽ വെച്ചാണ് അക്രമം അരങ്ങേറിയതെങ്കിലും അവർ തികഞ്ഞ നിസ്സംഗത പാലിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. കാറിനുള്ളിലുണ്ടായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി മനോജ് ചൗഹാന്റെ ദേഹത്ത് കല്ലുകളും കുപ്പികളും വന്ന് പതിച്ചതായി ഗൗരവ് ഗോഗോയ് മാധ്യമങ്ങളോട് വ്യക്തമാക്കി.





