ന്യൂഡൽഹി: ഡൽഹി സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിലെ എ.ബി.വി.പിയുടെ വിജയം പണത്തിന്റെ സ്വാധീനം കൊണ്ടാണെന്ന ആരോപണവുമായി സി.ജെ.പി സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ. എ.ബി.വി.പിയുടെ പ്രവർത്തകർ വോട്ടർമാരെ കാണാൻ എത്തിയത് വലിയ വിലപിടിപ്പുള്ള ആഡംബര കാറുകളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര പാനലിലെ ആകെയുള്ള നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലും വിജയം ഉറപ്പിച്ചത് എ.ബി.വി.പിയായിരുന്നു. എങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ അവർക്ക് തെരഞ്ഞെടുപ്പ് അത്ര സുഗമമായിരുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. അതേസമയം കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐക്ക് ഒരൊറ്റ സീറ്റിൽ പോലും ജയിക്കാൻ സാധിച്ചില്ല. ഡിയുഎസ്‌യു തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അവിടെ തെരഞ്ഞെടുപ്പുകളിൽ പണം മാത്രമാണ് നിർണ്ണായക ഘടകമാകുന്നതെന്നും കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ്, ഔഡി, ബി.എം.ഡബ്ല്യു തുടങ്ങിയ കാറുകളിലാണ് പ്രചാരകർ എത്തിയിരുന്നതെന്നും അതിനാൽ പണത്തിനാണ് അവിടെ മേൽക്കൈയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമരാവതിക്ക് സമീപമുള്ള മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാലയുടെ വൈസ് ചാൻസലർ കുമുദ് ശർമ്മ ആർ.എസ്.എസ് പക്ഷക്കാരിയാണെന്ന് വ്യക്തമാണെന്നും ദീപ്‌കെ പറഞ്ഞു. അവർ ചുമതലയേറ്റ ശേഷം അമ്പതിലധികം വിദ്യാർത്ഥികൾക്കെതിരെയാണ് എഫ്.ഐ.ആർ ചുമത്തപ്പെട്ടത്. സാധാരണ വിദ്യാർത്ഥികൾ വിഷയങ്ങളിൽ പ്രതിഷേധിക്കുമ്പോൾ കേസെടുക്കുന്ന അധികൃതർ, എ.ബി.വി.പിക്കാർ സർവകലാശാല ഗേറ്റ് പൂട്ടിയിട്ട് സമരം നടത്തുമ്പോൾ ഒരു നടപടിയും എടുക്കുന്നില്ല. ആർ.എസ്.എസ് ആശയങ്ങളെ ചോദ്യം ചെയ്യുന്ന ദളിത്-ആദിവാസി വിദ്യാർത്ഥികളെ മാത്രമാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആർ.എസ്.എസ് ശാഖകളാക്കി മാറ്റാനുള്ള നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാർത്ഥികൾക്കുള്ള പ്രതീക്ഷ നഷ്ടപ്പെടുകയാണ്. അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ എം.പി.എസ്.സി ചെയർമാൻ വിവേക് ഭിമാൻവാർ രാജി ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ തെരുവിൽ പ്രക്ഷോഭത്തിലാണ്. ഭിമാൻവാർ സ്ഥാനം ഒഴിയാതെ പരീക്ഷകൾ നീതിപൂർവ്വമായി നടക്കുമെന്ന് വിദ്യാർത്ഥികൾ എങ്ങനെ വിശ്വസിക്കാനാണ്? ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി 'ഭിമാൻവാർ രാജിവെക്കുക' എന്ന തലക്കെട്ടിൽ സി.ജെ.പി ഓൺലൈൻ സമരം തുടങ്ങും. ഭിമാൻവാറിന്റെ പശ്ചാത്തലം, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള ബന്ധം, രാജി ആവശ്യപ്പെടാനുള്ള കാരണങ്ങൾ എന്നിവ ഈ പ്രചാരണത്തിലൂടെ വിദ്യാർത്ഥികൾ തുറന്നുകാട്ടും.
കഴിഞ്ഞ ആഴ്ച ഐ.ഐ.ടി ബോംബെയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. മിഡ്-സെമസ്റ്റർ പരീക്ഷയ്ക്കിടെ സ്മാർട്ട്‌ഫോണും ചാറ്റ്ജിപിടിയും ഉപയോഗിച്ച് കോപ്പിയടിച്ചതിന് പിടിയിലായി മണിക്കൂറുകൾക്കകമാണ് വെള്ളിയാഴ്ച വൈകുന്നേരം വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോപ്പിയടിക്കാൻ ശ്രമിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ഈ മരണത്തെ ലഘൂകരിക്കാനാകില്ല. പിന്തുണയ്ക്കാൻ ആരുമില്ലെന്ന തോന്നലും വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള നിരാശയുമാണ് പിന്നാക്ക മേഖലകളിലും വൻ നഗരങ്ങളിലും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. ക്രമക്കേടിൽ പിടിക്കപ്പെട്ടാൽ ആത്മഹത്യ ചെയ്യേണ്ടതില്ല. അഴിമതി നടത്തിയ മന്ത്രിമാരോ ബാങ്ക് കൊള്ളയടിച്ച വ്യവസായികളോ ആത്മഹത്യ ചെയ്ത ചരിത്രമുണ്ടോയെന്നും, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകി കൃത്യമായ കൗൺസിലിംഗ് നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനൊടുക്കാൻ മാത്രമുള്ള തെറ്റല്ല വിദ്യാർത്ഥി ചെയ്തത്.
വിദർഭയിലെ ആദിവാസി സ്കൂളുകൾ സന്ദർശിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു. റെസിഡൻഷ്യൽ സ്കൂളുകൾക്ക് വൻതോതിൽ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ല. ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് കുട്ടികൾ മരിച്ചിട്ടും വിദ്യാർത്ഥികൾ ഇപ്പോഴും തറയിലാണ് കിടക്കുന്നത്. പെൺകുട്ടികൾ തുറസ്സായ സ്ഥലങ്ങളിൽ കുളിക്കേണ്ടി വരുമ്പോൾ ആൺകുട്ടികളുടെ ശുചിമുറികൾക്ക് വാതിലുകളോ മേൽക്കൂരയോ ഇല്ല. മനുഷ്യർക്ക് ജീവിക്കാനുള്ള സൗകര്യങ്ങൾ പോലും നൽകാത്ത ഭരണകൂടം എന്തിനാണ് അധികാരത്തിലിരിക്കുന്നത് എന്ന് ചോദിച്ച അദ്ദേഹം, 'ആദിവാസി സ്കൂൾ ഠീക് കരോ' സമരം രാജ്യവ്യാപകമാക്കുമെന്നും വ്യക്തമാക്കി. മഹാരാഷ്ട്രയ്ക്ക് പുറമെ താൻ ഗുജറാത്തും സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന്റെ പാർട്ടിയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെയും ദീപ്‌കെ പരിഹസിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ ബി.ജെ.പിയിൽ ചേരുകയും എല്ലാ പ്രതിപക്ഷ പാർട്ടികളെയും പിരിച്ചുവിട്ട് ചിഹ്നങ്ങൾ റദ്ദാക്കുകയുമാണ് വേണ്ടത്. എങ്കിൽ ഒരു പാർട്ടി മാത്രം മത്സരരംഗത്തുണ്ടാവുകയും അവർ തന്നെ തെരഞ്ഞെടുപ്പുകൾ ജയിക്കുകയും ചെയ്യുമല്ലോയെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു





